തൃശൂര്‍ : കാട്ടുതീ അണയ്ക്കുന്നതിനിടെ തൃശ്ശൂരില്‍ വനപാലകര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ. കാട്ടുതീ തടയാനുള്ള സംവിധാനങ്ങളൊരുക്കാതെ സര്‍ക്കാര്‍ വനപാലകരെ കൊലയ്ക്ക് കൊടുത്തെന്നാണ് വിമർശനം. മുന്നറിയിപ്പ് അവഗണിച്ച വനംവകുപ്പ് ദുരന്തം വിളിച്ചുവരുത്തിയതാണെന്നും വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇത്തവണ കാട്ടുതീ വ്യാപകമാകാന്‍ കാരണമാകുമെന്നും ഇതു മുന്നില്‍കണ്ട് മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ഫയര്‍ഫ്രീ ഫോറസ്റ്റ് വനംവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാട്ടുതീ പ്രതിരോധത്തിനായി ആധുനികമായ ഒരു സംവിധാനവും നല്‍കാതെ അധികൃതർ ജീവനക്കാരെ കൊലയ്ക്കു കൊടുക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തൃശൂരില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മൂന്നു വനപാലകര്‍ പൊള്ളലേറ്റുമരിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാറിനുമാണെന്നാണ് ആരോപണം.
ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വനമേഖലകള്‍ മുഴുവന്‍ കാട്ടുതീ ഭീഷണിയിലാണ്. മൂന്ന് വനപാലകർ വെന്തുമരിച്ച പശ്ചാത്തലത്തിലെങ്കിലും തീയണക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ വനംവകുപ്പുദ്യോഗസ്ഥർക്ക് ലഭ്യമാക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.