തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ പരാതിക്കാരന്‍ ആര്‍ എസ് ശശികുമാറിന് ലോകായുക്തയുടെ വിമര്‍ശനം. സമയം കളയാന്‍ ഓരോ ഹര്‍ജിയുമായി പരാതിക്കാരന്‍ വരുന്നു. കുത്തിത്തിരിപ്പുണ്ടാക്കാനാണ് പരാതിക്കാരന്‍ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അഭിപ്രായപ്പെട്ടു. കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതില്‍ വ്യക്തത തേടി പരാതിക്കാരന്‍ ലോകായുക്തയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. ഈ ഉപഹര്‍ജി പരിഗണിക്കുമ്പോഴാണ് ലോകായുക്ത പരാതിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചത്.
പാവങ്ങള്‍ക്ക് നീതി നടപ്പാക്കാനുള്ള സമയമാണ് ഓരോ ഹര്‍ജിയുമായി വരുന്നതു വഴി പരാതിക്കാരന്‍ നഷ്ടപ്പെടുത്തുന്നതെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവ് പരാതിക്കാരന്റെ അഭിഭാഷകനെക്കൊണ്ട് ലോകായുക്ത വായിപ്പിച്ചു. ഇതില്‍ എന്തു വ്യക്തതയാണ് ഇനി വേണ്ടതെന്ന് ലോകായുക്ത ചോദിച്ചു. ലോകായുക്ത വിധിയും നിയമവും വായിച്ചിട്ടില്ലേ?. അതു വായിച്ചു നോക്കിയാല്‍ എല്ലാ കാര്യങ്ങളും മനസ്സിലാകും. ഹര്‍ജിയില്‍ വാദം നടത്തുന്നുണ്ടോ അതോ ഹര്‍ജി പിന്‍വലിക്കുകയാണോയെന്ന് ലോകായുക്ത ആരാഞ്ഞു. വാദമുള്ള നോട്ട് എഴുതി നല്‍കാമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിനെയും രൂക്ഷമായി ലോകായുക്ത വിമര്‍ശിച്ചു. ഇത് ഒരു അഭിഭാഷകന് ചേര്‍ന്ന നടപടിയാണോയെന്ന് ലോകായുക്ത ചോദിച്ചു.