സുലവേസി: മീൻ പിടിക്കുന്നതിനിടെ 17കാരനെ കടിച്ചുകീറി മുതല. ഇന്തോനേഷ്യയിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ സുലവേസിയിലാണ് സംഭവം. ലാ ബായു എന്ന 17കാരനെയാണ് മുതല കൊന്നത്. കാലേലേഹ് നദിയിൽ വലയിട്ട ശേഷം അൽപം മാറിയുള്ള കൃഷിയിടത്തിൽ തെങ്ങിൻ തൈകൾ നട്ട ശേഷം വലയിൽ കുടുങ്ങിയ മീനുകളെ ശേഖരിക്കാനെത്തിയപ്പോഴാണ് സംഭവം. നദിയിലേക്ക് ഇറങ്ങിയിട്ടിരുന്ന വലയുടെ സമീപത്തേക്ക് എത്തിയപ്പോഴേയ്ക്കും 17കാരനെ മുതല കടിച്ച് വലിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് 17കാരനെ വലിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂട്ടുകാരന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ വിവരം നൽകിയതിന് അനുസരിച്ച് തെരച്ചിൽ സംഘം എത്തിയപ്പോഴും നദിയുടെ അടിത്തട്ടിൽ കൗമാരക്കാരന്റെ മൃതദേഹഭാഗങ്ങളും വായിൽ സൂക്ഷിച്ച നിലയിലാണ് മുതലയെ കണ്ടെത്തിയത്.
ലാ ബായുവിന്റെ മൃതദേഹം കടിച്ച് പിടിച്ച നിലയിലായിരുന്നു മുതല കിടന്നിരുന്നത്. പൊലീസും രക്ഷാപ്രവർത്തകരും നാട്ടുകാരും അടങ്ങുന്ന നൂറോളം പേർ നടത്തിയ തെരച്ചിലിനൊടുവിലാണ് നദിയിലെ പാലത്തിന് അടിയിൽ കൗമാരക്കാരന്റെ മൃതദേഹവുമായി മുതലയെ കണ്ടെത്തിയത്. വല ഉപയോഗിച്ച് മുതലയെ പിടിച്ച ശേഷമാണ് കൗമാരക്കാരന്റെ മൃതദേഹം പുറത്തെടുക്കാനായത്. ഗുരുതരമായ പരിക്കോടെയാണ് മൃതദേഹം കണ്ടെത്താനായത്. വലത് കയ്യിൽ ഗുരുതര പരിക്കും ഇടത് കൈ നഷ്ടമായ നിലയിലുമാണ് അരയ്ക്ക് മുകളിലേക്കുള്ള മൃതദേഹം കണ്ടെത്തിയത്. നദിയിൽ മുതലകളുടെ സാന്നിധ്യം ധാരാളമുള്ളതിനാൽ നദിയിൽ ഇറങ്ങരുതെന്ന് ആളുകൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 14 വിഭാഗത്തിലുള്ള മുതലകളാണ് ഇന്തോനേഷ്യയിൽ കാണപ്പെടുന്നത്. മേഖലയിലെ കാലാവസ്ഥയിൽ മുതലകൾക്ക് സജീവവും ആക്രമണകാരികളുമാണ്. തീരമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് മുതലകളെ ജനവാസ മേഖലയിലേക്ക് അധികമായി എത്തിക്കുന്നതെന്നാണ് പ്രകൃതി സംരക്ഷണ പ്രവർത്തകർ വിശദമാക്കുന്നത്.