മാനന്തവാടി: കർഷകരെ കണ്ണീരിലാഴ്ത്തി ജില്ലയിൽ ഇത്തവണയും കാലവർഷക്കെടുതിയിൽ കോടികളുടെ കൃഷിനാശം. ജൂൺ ഒന്നു മുതൽ ഒക്ടോബർ 26 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 63 കോടിരൂപയുടെ കൃഷിനാശമാണുണ്ടായത്. നിരവധി കർഷകരുടെ പ്രതീക്ഷയായിരുന്ന വാഴക്കൃഷിയാണ് കൂടുതലും നിലംപൊത്തിയത്. ഒമ്പതുലക്ഷത്തിലധികം കുലച്ച വാഴകളും, രണ്ടുലക്ഷത്തോളം കുലയ്ക്കാത്ത വാഴകളും നശിച്ചു.
ആകെയുള്ള 63 കോടിരൂപയുടെ കൃഷിനാശത്തിൽ 60 കോടിയിലധികവും വാഴക്കൃഷിയിലുണ്ടായ നഷ്ടമാണ്. കൃഷിമന്ത്രി പി.പ്രസാദ് നിയമസഭയിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. ഒ.ആർ കേളു എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വാഴക്കൃഷി കൂടാതെ മറ്റുവിളകളെയും കാലവർഷം ബാധിച്ചു. 1.74 ഹെക്ടർ നെൽക്കൃഷിയും, എട്ട് ഹെക്ടർ മരച്ചീനിക്കൃഷിയും, 2.7 ഹെക്ടർ ഇഞ്ചിക്കൃഷിയും, 2.4 ഹെക്ടർ ഏലവും നശിച്ചു.
20.8 ലക്ഷംരൂപയുടെ റബ്ബറും കാറ്റിലും മഴയിലും നിലംപൊത്തി. 6.69 ലക്ഷംരൂപയുടെ കവുങ്ങും നശിച്ചു. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുവാൻ കൃഷിമന്ത്രി പി.പ്രസാദ് കൃഷി ഡയറക്ടർക്ക് നിർദേശം നൽകിയതായും കാലതാമസം കൂടാതെ നഷ്ടപരിഹാരത്തുക കർഷകർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒ.ആർ കേളു എംഎൽഎ പറഞ്ഞു.
നഷ്ടം കഴിച്ച് ബാക്കിവന്ന വാഴക്കുല വിപണിയിലെത്തിച്ച് മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാമെന്ന് കരുതിയ കർഷകരെയാണ് നേന്ത്രക്കായവിപണി ചതിച്ചത്. പ്രതീക്ഷിച്ചപോലെ ഓണക്കാലത്തുപോലും വിപണി ഉയരാത്തതും കർഷകരെ പ്രതിസന്ധിയിലാക്കി. ഈ അടുത്തകാലത്തുവരെ 14 രൂപയിലേക്കു വരെ നേന്ത്രക്കായ വിപണി ഇടിഞ്ഞു. ഇതുകൂടാതെ കാപ്പി, കുരുമുളക്, കശുമാവ്, പച്ചക്കറി, കിഴങ്ങുവിളകളും നശിച്ചു.