തിരുവനന്തപുരം : കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എൻ.സി) നടത്തുന്ന ക്രൂസ് ടൂറിസം ബുക്കിങ് പൂർണമായും ഓൺലൈനാക്കാൻ നടപടി തുടങ്ങി. നിലവിൽ കടൽ യാത്രകൾക്ക് ബുക്കിങ് സൗകര്യമുണ്ട്. ഇത് ഏകോപിപ്പിച്ച് ഒറ്റ വെബ്സൈറ്റ് വഴി കടൽ, കായൽ യാത്രകൾ ബുക്ക് ചെയ്യാൻ അവസരമൊരുക്കും. കടലിലെ യാത്രക്ക് 200 പേരെ ഉൾക്കൊള്ളാവുന്ന ‘നെഫർറ്റിറ്റി’ എന്ന കപ്പലിലും 100 വീതം യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രണ്ട് ‘സാഗരറാണി’ കപ്പലുകളുമാണ് ഇപ്പോൾ കെ.എസ്.ഐ.എൻ.സിക്കുള്ളത്. ഇതിന് വെവ്വേറെ ബുക്കിങ് സൈറ്റുകളാണ് ഉള്ളത്.
കായൽ സവാരി നടത്തുന്ന ബോട്ടുകളെകൂടി ഉൾപ്പെടുത്തിയാണ് ഏകീകരിച്ച ഓൺലൈൻ ബുക്കിങ് സാധ്യമാക്കുക. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. സൈറ്റിൽ പ്രവേശിച്ച് തീയതി തെരഞ്ഞെടുത്ത് കടൽ യാത്രയോ, കായൽ യാത്രയോ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് പണമടച്ച് ബുക്ക് ചെയ്യാം. നിലവിലുള്ള യാനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളും കെ.എസ്.ഐ.എൻ.സി നടത്തുന്നുണ്ട്. 11.50 കോടി രൂപ ചെലവിൽ 150 പേർക്ക് യാത്ര ചെയ്യാവുന്ന പുതിയ കപ്പൽ നിർമിക്കാനുള്ള അനുമതി സർക്കാർ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. 150 യാത്രക്കാർക്ക് പുറമേ പത്ത് ജീവനക്കാർക്കുള്ള സൗകര്യവും കപ്പിലിലുണ്ടാവും.