ആലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽ പുഴ കിഴക്കേതിൽ പ്രസാദിന്റെ മകൻ പ്രശാന്താണ്(31) അറസ്റ്റിലായത്. കഴിഞ്ഞ നാലുമാസമായി പ്രതി വീടിന്റെ പിൻവശത്താണ് രഹസ്യമായി കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ഒന്നര മീറ്ററോളം നീളത്തിൽ കഞ്ചാവ് ചെടി വളർന്നിട്ടുണ്ട്. പ്രതി കൂടുതൽ ചെടികൾ വളർത്താനുള്ള തയാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് പിടിയിലായത്. കഞ്ചാവ് ചെടി വളർത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന്, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം സി.എസ്, എസ്ഐ ശ്രീകുമാർ, എസ്ഐ.സുരേഷ്, അഡിഷണൽ എസ്ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പോലിസ് ഓഫീസർമാരായ സാജിദ്, സിദ്ധിക്ക് ഉൽ അക്ബർ, ഹരിപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർ ഗിരിജ, ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീം എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.