പന്തളം : വൃശ്ചിക കാർത്തികയ്ക്ക് കൃഷിയിറക്കേണ്ട കരിങ്ങാലിപ്പാടത്ത് കൃഷിയിറക്കാനായത് ഒരുമാസം കഴിഞ്ഞ്. പാടത്തെ വെള്ളം വറ്റുവാനായി കാത്തിരുന്നതാണ് കൃഷിയിറക്കാൻ താമസിച്ചത്. വൃശ്ചികത്തിൽ കൃഷിയിറക്കി വിഷുവാകുമ്പോഴേക്കും കൊയ്തുകയറുന്ന പരമ്പരാഗത കൃഷിരീതിയാണ് ഇത്തവണ നടക്കാതെപോയത്. നാട്ടുകാരായ തൊഴിലാളികൾ കുറവായതിനാൽ അന്യസംസ്ഥാന തൊഴിലാളികളാണ് പാടത്ത് ഞാറ് നടുന്നത്.
മുൻവർഷങ്ങളിലും കർഷകർ ഇവരുടെ സഹായം തേടിയിരുന്നു. വളരെ വേഗത്തിലാണ് ഇവരുടെ പണി. ചിറ്റിലപ്പാടത്തുമാത്രം അൻപതോളം അതിഥിത്തൊഴിലാളികൾ കൃഷിക്കിറങ്ങുന്നുണ്ട്.