മലപ്പുറം: പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ ജീവനൊടുക്കിയ സി.പി.എം പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. നാളെ രാവിലെ പഞ്ചായത്തിലേക്ക് യു.ഡി. എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ സമീപം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.
കഴുത്തില്‍ സഞ്ചിയുടെ ബാഗും ഒരു ബോര്‍ഡും തൂക്കിയിരുന്നു. വീടിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. മരണത്തിന് ഉത്തരവാദികള്‍ പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരന്‍ ജമാല്‍ ആരോപിച്ചു.