പത്തനംതിട്ട : കൈപ്പട്ടൂർ റോഡിൽ ഓമല്ലൂർ കുരിശുംമൂട് കവലയിലും ചന്തയ്‌ക്കും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. മഴക്കാലത്തുയരുന്ന വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാതെ ചുരുങ്ങിയ ഓമല്ലൂർ – മഞ്ഞിനിക്കര–- മുളക്കുഴ –- കോട്ട റോഡിലെ കലുങ്ക് പുനർനിർമാണം ഉടൻ പൂർത്തിയാകും. ഓമല്ലൂർ –- മഞ്ഞിനിക്കര റോഡിൽ കുരിശുംമൂടിന് സമീപമാണ് പടിഞ്ഞാറെമുണ്ടകൻ ഏല വലിയതോടിന് കുറുകെയുള്ള നിലവിലെ കലുങ്ക് പൊളിച്ചുനീക്കി പുതിയ കലുങ്ക് നിർമിക്കുന്നത്. ഇതിന്റെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായി.
2018ലെ പ്രളയത്തിൽ ഓമല്ലൂരിൽ വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. നിലവിലെ കലുങ്കിലൂടെ വെള്ളമൊഴുക്ക് തടസപ്പെട്ട് സമീപത്തെ പാടത്തേക്കും റോഡിലേക്കും വെള്ളം തിരിച്ചൊഴുകുന്ന സ്ഥിതിയുണ്ടായി. ഏപ്രിൽ അവസാനത്തോടെ വാഹനങ്ങൾ കടത്തിവിടും. നിലവിൽ വാഹനങ്ങൾ വഴി തിരിച്ചുവിട്ടാണ് കലുങ്ക് നിർമാണം നടക്കുന്നത്. റാന്നി സ്വദേശി റിഞ്ചു പി ജെയിംസാണ് കരാറുകാരൻ. സ്ലാബിന്റെ കോൺക്രീറ്റിനായി തട്ട് അടിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. മഴക്കാലത്തിന് മുന്നേ കലുങ്ക് നിർമാണം പൂർത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം.