കോഴിക്കോട് : വടകരയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സജീവൻ മരിച്ച കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. വടകര റൂറൽ എസ്പി യോട് ഇന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. കേസിൻ്റെ വിശദാംശങ്ങളും പോലീസ് നടപടികളും ചൂണ്ടി കാണിച്ചുള്ള റിപ്പോർട്ടാകും എസ് പി നൽകുക. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വടകര പോലീസ് സ്റ്റേഷനിലെ രേഖകൾ ഇന്ന് ശേഖരിക്കും. നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് കസ്റ്റഡിയിൽ എടുക്കുക. സജീവന്റെ അമ്മയുടെയും ബന്ധുക്കളുടെ മൊഴി രേഖപെടുത്തും.
സജീവൻ ഉൾപ്പടെ ഉള്ളവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമാകാൻ ബാറിലെ ജീവനക്കാരുടെ മൊഴിഎടുക്കും. സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. സസ്പെൻഷനിലുള്ള എസ്.ഐ എം. നിജേഷ്, എഎസ്ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരെ ഇത് വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇന്ന് കൂടി ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരായില്ലെങ്കിൽ എസ്‌ഐ ഉൾപ്പടെ ഉള്ളവർക്ക് സിആർപിസി 160 പ്രകാരം നോട്ടീസ് അയക്കാനാണ് നീക്കം.
പോലീസ് സ്റ്റേഷനിൽ നിന്നും ഹാർഡ് ഡിസ്ക് ഉൾപ്പടെ ഉള്ളവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം എത്തിച്ച വടകര സഹ. ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ സാക്ഷികളുടെ മൊഴി എടുപ്പ് പുരോഗമിക്കുകയാണ്.
വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ മാസം 22ന് രാത്രിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ സജീവൻ മരിക്കുകയായിരുന്നു.
സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പോലീസ് പറഞ്ഞു. എന്നാൽ സജീവനെ ഉടൻ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ പോലീസ് കസ്റ്റഡിയിലെടുത്തയുടൻ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവൻ തന്നെ പോലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു.
യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പോലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പോലീസ് മർദിച്ചെന്നാണ് ബന്ധു പറയുന്നത്. മർദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പോലീസ് മർദനം അവസാനിപ്പിക്കാൻ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവൻ ആവർത്തിച്ചിട്ടും പോലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.