തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. വീട്ടിലെ വിലാസത്തിലാണ് പുതിയ നോട്ടീസ് അയച്ചത്. നേരത്തെ ഓഫീസ് വിലാസത്തിലായിരുന്നു നോട്ടീസ് അയച്ചത്. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്നുമാണ് കസ്റ്റംസ് നിലപാട്. നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് കമ്മീഷണര്‍ മറുപടി നല്‍കും. കത്ത് വ്യാഴാഴ്ച തന്നെ കൈമാറും. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്ന് കത്തില്‍ വിശദീകരിക്കും.
അതേസമയം കെ. അയ്യപ്പനെതിരായ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണനും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അസിസ്റ്റന്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയത് ചട്ടപ്രകാരമല്ലെന്നും ചട്ടപ്രകാരം ആയിരിക്കണമെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചട്ടം 165 ന്റെ പരിരക്ഷ എംഎല്‍എമാര്‍ക്ക് മാത്രമല്ല സഭാ പരിധിയിലുള്ള എല്ലാവര്ക്കും ബാധകമെന്നും അദ്ദേഹം പറഞ്ഞു. ചട്ടം സൂചിപ്പിച്ചാണ് കസ്റ്റംസിന് കത്ത് നല്‍കിയതെന്ന് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനും വിശദീകരിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്ളാറ്റില്‍ ഡോളര്‍ അടങ്ങിയ ബാഗ് വിദേശത്തേക്ക് അയയ്ക്കാന്‍ കൈമാറിയെന്നും ഈ ബാഗ് കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്കി എന്നുമായിരുന്നു സ്വപ്നയും സരിത്തും നല്കിയ മൊഴി. ഇതിനു പിന്നാലെയാണ് അസി. പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശിച്ചത്.