കോഴിക്കോട് : വടകര മണ്ഡലം സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എംഎൽഎ. ശൈലജയുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾ തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു. ‘ശൈലജയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണെന്ന എൽഡിഎഫ് വാദം ശുദ്ധ അസംബന്ധമാണ്. മുഖമില്ലാത്തവർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണം’–രമ പറഞ്ഞു. സ്ത്രീകളുടെ പരാതിയിൽ അന്വേഷണമില്ലെന്നും പോലീസിന്റേത് ഗുരുതര വീഴ്ചയാണെന്നും രമ പറഞ്ഞു.
സൈബർ ആക്രമണത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ ഇന്നലെ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകന് എതിരെ പോലീസ് കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‍ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‍സാപ് ഗ്രൂപ്പിൽ അസ്‍ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്‍ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.