തിരുവനന്തപുരം : വിമർശനങ്ങൾക്ക് ഇടയാക്കിയ കേരള പോലീസ് നിയമഭേദഗതി ഓർഡിനൻസിന്റെ ഭരണഘടനാ സാധുത ഗവർണർ പരിശോധിക്കുന്നു. സൈബർ ആക്രമണങ്ങൾ തടയാൻ നിലവിലെ നിയമവ്യവസ്ഥകൾ പോരെന്നു കണ്ടാണ് നിയമഭേദഗതി തീരുമാനിച്ചത്. ഇത് പോലീസിന് അമിതാധികാരം നൽകുന്നതിനൊപ്പം മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്ന ആക്ഷേപം ഉയർന്നതിനാലാണ് ഓർഡിനൻസിൽ കൂടുതൽ പരിശോധനകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുനിഞ്ഞത്.
ഭേദഗതിയുടെ ഭരണഘടനാസാധുത സംബന്ധിച്ച് വിദഗ്‌ധരുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായാണ് വിവരം. കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ഓർഡിനൻസ് തിരിച്ചയക്കാനും സാധ്യതയുണ്ട്. പോലീസ് നിയമത്തിലെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ഗവർണർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിശ്രമത്തിലുള്ള അദ്ദേഹം ഓഫീസിൽ മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
നിലവിലെ പോലീസ് നിയമത്തിൽ 118-എ വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭാ ശുപാർശ. വ്യക്തിയെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ചുവർഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. സാമൂഹികമാധ്യമങ്ങളെ ഉദ്ദേശിച്ചാണ് വകുപ്പെന്നാണ് സർക്കാർ ഭാഷ്യമെങ്കിലും എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നുമാണ് ആക്ഷേപം. 2000-ത്തിലെ ഐ.ടി. നിയമത്തിലെ 66-എ വകുപ്പും 2011-ലെ പോലീസ് നിയമത്തിലെ 118-ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.