തിരുവല്ല : ഐഎച്ച്ആര്‍ഡി കല്ലൂപ്പാറ എന്‍ജിനിയറിംഗ് കോളജില്‍ പുതുതായി ആരംഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്സ് ഉദ്ഘാടനം ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പി.സുരേഷ് കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി ആറു മാസ കോഴ്സും വര്‍ക്കിംഗ് പ്രൊഫഷണല്‍സിനു വേണ്ടി ഒരു വര്‍ഷ പാര്‍ട്ട് ടൈം കോഴ്സിനുമാണ് തുടക്കമായത്. കൂടാതെ പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ എന്‍ജിനിയറിംഗ് കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് സൈബര്‍ സുരക്ഷയില്‍ ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗും ബോധവല്‍ക്കരണ ക്ലാസുകളും ആരംഭിക്കും. 72 വിദ്യാര്‍ഥികളാണ് ആദ്യ ബാച്ചില്‍ ഉണ്ടാകുക. തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി ആറു മാസ കോഴ്സില്‍ 53 പേരും വര്‍ക്കിംഗ് പ്രൊഫഷണല്‍സിനു വേണ്ടി ഒരു വര്‍ഷ പാര്‍ട്ട് ടൈം കോഴ്സില്‍ 19 പേരുമാണുള്ളത്.
സൈബര്‍ സുരക്ഷയില്‍/ഫോറന്‍സിക്സില്‍ അധിഷ്ടിതമായ കരിക്കുലവും സിലബസും കോഴ്സുകളും ട്രെയിനിംഗും ഇന്റേണ്‍ഷിപ്പും ആണ് വിദ്യാര്‍ഥികള്‍ക്കു നല്‍കുക. ടെക്നോളജി, ബാങ്കിംഗ്, ധനകാര്യ സേവനം, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ രംഗങ്ങളിലുള്ള കമ്പനികളിലാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ആവശ്യം കൂടുതലായിട്ടുള്ളത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി കോണ്‍സള്‍ട്ടന്റ്, സൈബര്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്, സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍, പെനെട്രേഷന്‍ ടെസ്റ്റര്‍, സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ തൊഴില്‍ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പഠനമാണിവിടെ നടക്കുക.
പ്രമുഖ സൈബര്‍ സുരക്ഷ പരിശീലന കമ്പനിയായ റെഡ് ടീം ഹാക്കറുമായി സഹകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുക. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ സെക്യൂരിറ്റി ഇന്റണ്‍ഷിപ്പും നല്‍കും. ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ വി.എ. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍, പഞ്ചായത്ത് അംഗം മോളിക്കുട്ടി ഷാജി, പ്രൊജക്ട്സ് ഹെഡ് സ്മിത ധരന്‍, പ്രിന്‍സിപ്പല്‍ നിഷ കുരുവിള, പിടിഎ പ്രസിഡന്റ് എം.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.