കോട്ടയം: മകന്‍റെ സൈക്കിള്‍ മോഷ്ടിക്കപ്പെട്ട സുനീഷിന്‍റെ സങ്കടം കണ്ടറിഞ്ഞ് പുതിയത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയറിഞ്ഞ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയം ജില്ലാ കലക്ടര്‍ എം.അഞ്ജന സുനീഷിന്‍റെ ഉരുളികുന്നത്തെ വീട്ടിലെത്തി പുതിയ സൈക്കള്‍ മകന്‍ ജസ്റ്റിന് കൈമാറി.
ജന്മനായുള്ള വൈകല്യത്തോട് പൊരുതി സുനീഷ് സ്വരൂക്കൂട്ടിയ തുകയില്‍ നിന്ന് മകന്‍ ജസ്റ്റിനായി വാങ്ങിയ സൈക്കിള്‍ കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടിരുന്നു. സൈക്കിള്‍ കണ്ടുകിട്ടുന്നവര്‍ വിവരമറിയിക്കണമെന്ന് അഭ്യര്‍ഥിച്ച് സുനീഷ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
ഇത് നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. പിന്നീട് സുനീഷിന്‍റെ മകന് സൈക്കിള്‍ വാങ്ങി നല്‍കാമെന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇത് മുഖ്യമന്ത്രി കാണുകയും പ്രശ്നത്തില്‍ ഇടപെടുകയുമായിരുന്നു.