തിരുവനന്തപുരം : കൊച്ചിയിലെ മഴയ്ക്ക് കാരണം ചക്രവാതചുഴിയെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ്. രണ്ട് മണിക്കൂർ നീണ്ട് നിന്ന അതിശക്തമായ മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിലായി. പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിൽ ഗതാഗത സ്തംഭനവും തുടരുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് ഹൈക്കോടതിയിലെ സിറ്റിംഗ് വൈകിയാണ് ആരംഭിച്ചത്. വീടുകളിലും കടകളിലും വെള്ളം കയറി നാശന്ഷ്ടവും ഉണ്ടായി.
ലഘുമേഖവിസ്ഫോടനത്തിന്‍റെ ഗണത്തിൽ ഇതിനെപ്പെടുത്താം. ഒന്നരമണിക്കൂറിനുള്ളിൽ എട്ടു സെൻറീമീറ്ററിനടുത്ത് മഴ പെയ്തെന്നാണ് മഴമാപിനികൾ സൂചിപ്പിക്കുന്നത്. ഇത്തരം മഴപ്രവചിക്കുന്നതിന് പരിമിതികളുണ്ട്. അടുത്തു മൂന്നുദിവസത്തേക്കുകൂടി മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴയുടെതോത് ഇപ്പോൾ പ്രവചിക്കാനാകില്ല എന്നും ഡോ. അഭിലാഷ് പറഞ്ഞു.എറണാകുളം കളമശ്ശേരിയിൽ രാവിലെ 8.15 നും 8.30 നും ഇടയിലുള്ള 15 മിനിറ്റിൽ പെയ്തത് 30 mm മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറയുന്നു. എറണാകുളത്തിനു മുകളിൽ രൂപപ്പെട്ട circulation( കറക്കം ) ആണ് മഴക്ക് കാരണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.