ഡൽഹി: റിമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ത്രിപുര, പശ്ചിമ ബംഗാൾ, ഒഡിഷ, എന്നീ സംസ്ഥാനങ്ങളിൽ കാറ്റ് നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തയ്യാറെടുപ്പുകൾ വിലയിരുത്താൻ പ്രധാനമന്ത്രി യോഗം ചേർന്നത്. റിമാലിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങളിൽ കാര്യമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 27 വരെ ത്രിപുരയിലുടനീളം നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഗോമതി, ധലായ്, സെപാഹിജാല, ഖോവായ്, തുടങ്ങിയ പടിഞ്ഞാറൻ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളം ഇന്ന് ഉച്ച മുതൽ ഇരുപത്തിയൊന്ന് മണിക്കൂർ നേരത്തേക്ക് അടച്ചിട്ടു, 394 ഫ്‌ലൈറ്റുകളാണ് റദ്ദാക്കിയത്. 63000 ത്തോള്ളം യാത്രക്കാരെ ഇത് ബാധിക്കും. ബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് പതിനായിരത്തോളം ഗ്രാമീണരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.