വിഴിഞ്ഞം: വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെ ഗ്യാസ് അടുപ്പില്‍ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോര്‍ന്ന് തീ ആളിക്കത്തി ഏജന്‍സി ജീവനക്കാരനും വീട്ടിലെ വൃദ്ധദമ്പതികള്‍ക്കും പൊള്ളലേറ്റു. മുടവൂര്‍പാറയിലെ വിനോദ് ഭാരത് ഗ്യാസ് ഏജന്‍സി ജീവനക്കാരന് ഷജീര്‍ (45), വീട്ടുടമ വെങ്ങാനൂര്‍ എം.പി നിവാസില്‍ കെ.കെ പ്രഭാകരന് (82), മനോരമ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ ഷജീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രഭാകരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. വൃദ്ധ ദമ്പതികളെ സഹായിക്കാനാണ് വിതരണക്കാരന് സിലിണ്ടര്‍ ഘടിപ്പിക്കാനെത്തിയത്. എന്നാല്‍, വിതരണക്കാരന് പലവട്ടം റെഗുലേറ്റര്‍ ഘടിപ്പിച്ചിട്ടും സിലിണ്ടറില്‍നിന്ന് ഗ്യാസ് പുറത്തേക്ക് വരാത്തതിനാല്‍ കൈയില്‍ കരുതിയ നേര്‍ത്ത കമ്പികൊണ്ട് ഗ്യാസ് ലീക്ക് ചെയ്യിച്ചതിനെതുടര്ന്ന് വീടിനുള്ളില്‍ ഗ്യാസ് പടരുകയും വലിയ ശബ്ദത്തോടെ തീ പടരുകയുമായിരുന്നു. ഷജീറിനും വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ദമ്പതികള്‍ക്കും പൊള്ളലേല്‍ക്കുകയുമായിരുന്നു.
വീട്ടുപകരണങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവയും കത്തിനശിച്ചു. വലിയ ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ സംഭവമറിയുന്നത്. ഉടന്‍തന്നെ പൊള്ളലേറ്റ ഷജീറിനെയും ദമ്പതികളെയും സ്വകാര്യ വാഹനത്തില്‍ ആദ്യം വിഴിഞ്ഞം സി.എച്ച്.സിയിലെത്തിച്ചെങ്കിലും നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി. അപകട കാരണമറിയാന്‍ ഭാരത് ഗ്യാസ് അധികൃതര്‍ ശനിയാഴ്ച വീട്ടില്‍ പരിശോധന നടത്തും.