മുംബൈ : ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് കാറപകടത്തിലേക്ക് നയിച്ചത് അമിത വേഗതയെന്ന് പോലീസ്. സൈറസ് മിസ്ത്രി സഞ്ചരിച്ചിരുന്ന ആഢംബര കാര്‍ ഒന്‍പതു മിനിറ്റില്‍ 20 കിലോമീറ്റര്‍ മറികടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘറിലെ ചരോട്ടി ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള കാറിന്റെ വേഗതയാണ് പോലീസ് കണ്ടെത്തിയത്. സൈറസ് മിസ്ത്രിയും സഹയാത്രികരും സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കാറിന്റെ അമിതവേഗതയും ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ കണക്കുകൂട്ടല്‍ തെറ്റിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തില്‍ മരിച്ച രണ്ടു പേരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിരുന്നില്ല. ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഉച്ചയ്ക്ക് ശേഷം 2.21-നാണ് കാര്‍ ചെക്ക് പോസ്റ്റ് കടന്നത്. 2.30ന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഒമ്പത് മിനിറ്റിലാണ് കാര്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
സൈറസ് മിസ്ത്രിയും ജഹാംഗീര്‍ ബിന്‍ഷാ പന്‍ഡോളും വാഹനത്തിന്റെ പിന്‍സീറ്റിലാണ് യാത്ര ചെയ്തിരുന്നത്. അനഹിത പന്‍ഡോളാണ് കാറോടിച്ചിരുന്നത്. ഒരു സ്ത്രീയാണ് വാഹനം ഒടിച്ചിരുന്നതെന്നും ഇടതുവശത്ത് കൂടി അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതോടെ കാറ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും സംഭവത്തിന്റെ ദൃസാക്ഷി പറഞ്ഞുവെന്നും പോലീസ് അറിയിച്ചു.
അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്ക് വരുന്ന വഴി ഞായറാഴ്ച ഉച്ചക്ക് ശേഷം പാല്‍ഘര്‍ ജില്ലയിലെ ചറോട്ടി നാകയില്‍വെച്ചായിരുന്നു അപകടമുണ്ടായത്. സൈറസ് മിസ്ത്രിയും കുടുംബ സുഹൃത്തുക്കളായ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ.അനഹിത പന്‍ഡോള്‍, ഇവരുടെ ഭര്‍ത്താവും ജെ.എം ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റി മാനേജിങ് ഡയറക്ടറുമായ ഡാരിയസ് പന്‍ഡോള്‍, ജഹാംഗീര്‍ ബിന്‍ഷാ പന്‍ഡോള്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതില്‍ സൈറസ് മിസ്ത്രിയും ജഹാംഗീര്‍ ബിന്‍ഷാ പന്‍ഡോളും അപകടസ്ഥലത്തു തന്നെ മരിച്ചു.
മുംബൈയില്‍നിന്ന് 135 കിലോമീറ്റര്‍ അകലെ സൂര്യ നദിയിലെ പാലത്തിന്റെ ഡിവൈഡറിലേക്കിടിച്ചുകയറിയ കാര്‍ കൈവരിയിലിടിച്ചാണ് ചെന്ന് നിന്നത്. അതിവേഗത്തിലായിരുന്ന കാറിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നു. എയര്‍ബാഗുകള്‍ തുറന്നെങ്കിലും സൈറസ് മിസ്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരിക്കേറ്റ അനഹിതയെയും ഡാരിയസിനെയും വാപിയിലെ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം വ്യോമമാര്‍ഗം മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലെത്തിച്ചു.