തിരുവനന്തപുരം : ഡി.സി.സി ഭാരവാഹിപ്പട്ടിക ഡല്‍ഹിയിലേയ്ക്ക് അയയ്ക്കുന്നതിന് മുൻപ് തന്നോട് ആലോചിക്കുകയോ ലിസ്റ്റ് കാണിക്കുകയോ ചെയ്യാത്തതിന് അമർഷം അറിയിച്ച് മുല്ലപ്പള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും, മുന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും കേരളത്തില്‍ നിന്നുള്ള പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. പട്ടിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് രാവിലെ 7.30 നാണ് കെ.സുധാകരന്‍ മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ച് തങ്ങള്‍ പട്ടിക സമര്‍പ്പിക്കയാണെന്നും ഏതെങ്കിലും പേരുകള്‍ നിര്‍ദേശിക്കാനുണ്ടോ എന്നും ചോദിച്ചത്.
പൊട്ടിത്തെറിച്ച് കൊണ്ടുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഞാനും കെ.പി.സി.സി പ്രസിഡന്റായിരുന്ന ആളാണ്. താന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ എല്ലാവരെയും സഹകരിപ്പിച്ചിരുന്നു. ഇപ്പോള്‍ തന്നിഷ്ടം മാത്രം. അവഗണന ഇനിയും സഹിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.