ലഖിംപുര്‍ഖേരി: ദളിത് സഹോദരിമാരെ ബലാത്സംഗംചെയ്ത് കൊന്നുകെട്ടിത്തൂക്കിയ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതിക്രമത്തിനിരയായി ഒരു പെണ്‍കുട്ടികൂടി മരിച്ചു. തിങ്കളാഴ്ച രണ്ടുപേര്‍ ചേര്‍ന്ന് ലെെംഗികാതിക്രമത്തിന് ഇരയാക്കിയ ഇരുപതുകാരി പെണ്‍കുട്ടി പരിക്കുകളെ തുടര്‍ന്ന് വെള്ളിയാഴ്ച മരിച്ചു. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് രണ്ടംഗസംഘം ആക്രമിച്ചത്. പരാതിയില്‍ പോലീസ് ആദ്യം കേസെടുത്തിരുന്നില്ല.
കേസെടുക്കാന്‍ വെെകിയതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സംഭവം പുറത്തായതോടെ ഗ്രാമത്തില്‍ ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധിച്ചു. വന്‍ പോലീസ് സന്നാഹമെത്തി ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിട്ടുനല്‍കിയത്. ദളിത് സഹോദരിമാരെ ബുധനാഴ്ചയാണ് ഇതേ ജില്ലയില്‍ കൊന്നുകെട്ടിത്തൂക്കിയത്.