പത്തനംതിട്ട : സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും കേരളത്തിലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലും ദളിത് പിന്നോക്കെ വിഭാഗക്കാര്‍ അവഗണന നേരിടുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരള പ്രദേശ് ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യനീതിയും ഉന്നമനവും നേടിയെടുക്കുവാന്‍ ദളിത് സമൂഹം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ദളിത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മൈത്രി 140 അംബേദ്കര്‍ പ്രഭാഷണ പരമ്പര ചരിത്രം സൃഷ്ടിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അയിത്ത ജാതിക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും ഭരണഘടനയിലൂടെ നീതിയുടെ സമവാക്യം സൃഷ്ടിച്ചു നല്‍കിയ ദീര്‍ഘദര്‍ശിയായിരുന്നു മഹാനായ അംബേദ്കര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 140 നിയോജക മണ്ഡലങ്ങളില്‍ അംബേദ്കര്‍ പ്രഭാഷണ പരമ്പരകള്‍ നടത്തുകയാണ്. അതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 2024 ഡിസംബര്‍ 28 ന് രാവിലെ 10 മണിക്ക് പത്തനംതിട്ട ടൗണ്‍ഹാളില്‍ വച്ച് നടത്തുന്നതിന് തീരുമാനിച്ചു. ജില്ലയിലെ അടൂര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുവാനും തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ചെയര്‍മാനായും ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.കെ. ലാലു ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. യോഗത്തില്‍ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എ.കെ ലാലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം,ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കുറക്കാട്, മഞ്ജു വിശ്വനാഥ്, കെ.എന്‍. രാജന്‍, അനീഷ് കുമാര്‍, അരവിന്ദ്. സി. ഗോപാല്‍, ജയന്‍ ബാലകൃഷ്ണന്‍, രാജന്‍ തേവര്‍ക്കാട്ടില്‍, കലേഷ് ഓമല്ലൂര്‍, പി.കെ. ഉത്തമന്‍, സന്തോഷ് തണ്ണിത്തോട്, മണ്ണില്‍ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.