കൊച്ചി : സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷിയെക്കുറിച്ചും പ്രളയ സാധ്യതയെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയേക്കാള്‍ വളരെ കുറവ് വെള്ളമേ നിലവില്‍ ഉള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജലസേചന വകുപ്പിന്റെ ഡാമുകളില്‍ സംഭരണശേഷിയുടെ 61.8% വെള്ളം മാത്രമാണുള്ളത്. വൈദ്യുതിവകുപ്പിന്റെ ഡാമുകളില്‍ സംഭരണശേഷിയുടെ 63.5 ശതമാനം വെള്ളമേ ഉള്ളൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം വഴി അറിയിച്ചു.
അതേസമയം ശക്തമായ മഴയുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ 136 അടിയില്‍ ജലനിരപ്പ് നലനിര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളായ ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകളുടെ നിലവിലെ സംഭരണ ശേഷി അതിന്റെ 65 ശതമാനത്തില്‍ താഴെയാണെന്നും അതുകൊണ്ടുതന്നെ അതിശക്തമായ മഴ ഉണ്ടായാല്‍ മാത്രമേ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തില്‍ ഈ മൂന്നു ഡാമുകളിലും ആശങ്കയ്ക്ക് സാധ്യതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.