കോന്നി : കോന്നിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത മഴയില്‍ വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം. കൊക്കാത്തോട് വനത്തിനുള്ളില്‍ നിന്നും വലിയ തോതില്‍ മലവെള്ളവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊക്കാത്തോട് ആരബിള്‍ ലാന്റില്‍ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. പ്രദേശത്തെ നാല് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍, കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാര്‍, കോന്നി തഹല്‍സീദാര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
മേഖവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിനും നദിയിലെ ജലനിരപ്പ് ഉയരുന്നതിനും കാരണമായതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നിയിലെ മലയോര മേഖലകളില്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ മഴ നാശം വിതച്ചു. കോന്നി കുമ്പഴ റോഡില്‍ ചാങ്കൂര്‍മുക്ക് ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കോന്നി മഠത്തില്‍കാവില്‍ മയൂര്‍ ഏലാ,പൂവന്‍പാറ,കോന്നി താഴം, കല്ലേലി റോഡ് എന്നിവടങ്ങളിലും വെള്ളം കയറി. കൊക്കാത്തോട്ടില്‍ വീടുകളിലേക്ക് വെള്ളം ഇരച്ച് കയറിയതിനെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ കൂട്ടില്‍ വളര്‍ത്തിയിരുന്ന താറാവുകളും കോഴികളും ചത്തുപൊങ്ങി.
തണ്ണിത്തോട് പഞ്ചാത്തിലെ മണ്ണീറ കാലായില്‍ കിഴക്കേതില്‍ സത്യപാലന്‍,സി.പി.ഐ തലമാനം ബ്രാഞ്ച് സെക്രട്ടറി കാട്ടൂര്‍ പുതുവേലില്‍ മണിരാജന്‍, കൈലാസത്തില്‍ അനിത തുടങ്ങിയവരുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. തലമാനം സ്വദേശി അജിയുടെ പുരയിടത്തിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. വിവിധ പ്രദേശങ്ങളില്‍ ഇരുചക്ര വാഹനങ്ങളടക്കം വെള്ളത്തിലായി. കൊക്കാത്തോട് ആവണിപ്പാറ ഗിരിവര്‍ഗ കോളനിയിലേക്ക് കടക്കുന്ന ഫൈബര്‍ വള്ളം കുത്തൊഴുക്കില്‍ ഒഴുകി പോയി തുടര്‍ന്ന് നാട്ടുകാര്‍ വടം കെട്ടി തടഞ്ഞു.