കോന്നി : കോന്നിയുടെ മലയോര മേഖലയിൽ ഗാന്ധി ജയന്തി ദിനത്തിൽ ഉണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലും മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി തടസവും നേരിട്ടു. മണിക്കൂറോളം നീണ്ട് നിന്ന മഴയിൽ കോന്നി, തണ്ണിത്തോട്, അരുവാപ്പുലം,കലഞ്ഞൂർ,ചിറ്റാർ,സീതത്തോട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നാശനഷ്ടം ഉണ്ടായി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിൽ മാടത്തേത്ത് പടി റോഡ് ഇടിഞ്ഞ് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.
മല മുകളിൽ നിന്നും മറ്റും ഒഴുകി ഇറങ്ങിയ കല്ലും ചെളിയും വിവിധ സ്ഥലങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. പയ്യനാമൺ , കൊന്നപ്പാറ, ചെങ്ങറ മുക്ക്, ഞള്ളൂർ, എലിമുള്ളുംപ്ലാക്കൽ തുടങ്ങി നിരവധി സ്ഥലങ്ങളിൽ തോട്ടിൽ നിന്നും മറ്റും വീടുകളിലേക്ക് വെള്ളം കയറി. കൊന്നപ്പാറയിൽ വിവിധ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. പുനലൂർ മൂവാറ്റുപുഴ പാതയിലെ വകയാർ, മാരൂർ പാലം, ചൈനാമുക്ക്, അരുവാപ്പുലം പഞ്ചായത്ത് പടിക്ക് സമീപം എന്നിവടങ്ങളിൽ തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കയറി. വിവിധ ഇടങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായി.