പത്തനംതിട്ട : അപകടഭീതിയുയര്‍ത്തി കൊന്നമൂട് ജംഗ്ഷന് സമീപത്തെ അപകടവളവ്.
തിങ്കളാഴ്ച ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽപ്പെട്ടെങ്കിലും രക്ഷപെട്ടത് അദ്‌ഭുതകരമായാണ്. കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞത് റോഡ് നിരപ്പിൽനിന്ന് എട്ടടി താഴ്ചയുള്ള വീട്ടുമുറ്റത്തേക്കാണ്. ഇരുവരും നിസ്സാരപരിക്കോടെ രക്ഷപെട്ടു. മേയ് 21-ന് രാത്രി ഇവിടെയുണ്ടായ അപകടത്തിൽ പുത്തൻപീടിക സ്വദേശിയായ ബസ് ഡ്രൈവർ മരിച്ചു. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോയപ്പോൾ അതിവേഗത്തിൽ എതിരേ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരപരിക്കേറ്റു.
കെഎസ്ടിപി ഉന്നതനിലവാരത്തിൽ നിർമിച്ച റോഡാണിത്. എന്നാൽ അപകടകരമായ വളവ് നിവർത്താതെ നിർമാണം പൂർത്തിയാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുമൂലം ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുകയാണെന്നും അവർ പറയുന്നു. റോഡിലെ അപകടകരമായ വളവ് നിവർത്തുന്നത് സംബന്ധിച്ച് പ്രദേശവാസിയായ നിയാസ് കൊന്നമൂട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.