പത്തനംതിട്ട : അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണവുമായി തൊഴിൽ വകുപ്പ്. ജില്ലയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം പുരോഗമിക്കുന്നു. ആഗസ്‌റ്റ് ഏഴ് മുതലാണ് പ്രത്യേക പരിഗണന നൽകി അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം തൊഴിൽ വകുപ്പ് ഏറ്റെടുത്തത്. തൊഴിലാളികളെ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള ദൗത്യമാണ് നടക്കുന്നത്. തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും നേരിട്ടെത്തിയും ജോലി ഇല്ലാത്ത ദിവസങ്ങളിൽ അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയുമാണ് രജിസ്‌ട്രേഷൻ. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പുകളും ഇതിനായി നടത്തുന്നു. തിങ്കളാഴ്‌ച വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 2,538 പേരാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
പത്തനംതിട്ട, കലഞ്ഞൂർ, പൂങ്കാവ് എന്നിവിടങ്ങളിൽ രജിസ്‌ട്രേഷന് വേണ്ടി ക്യാമ്പുകൾ നടത്തി. പണി കഴിഞ്ഞ് തൊഴിലാളികൾ എത്തുന്ന സമയത്ത് താമസ സ്ഥലത്ത് ഫെസിലിറ്റേറ്റർ നേരിട്ടെത്തി രജിസ്‌ട്രേഷൻ നടത്തുന്നുണ്ട്. ജില്ലയിൽ ജോലി ചെയ്യുന്നതിൽ വളരെ കുറച്ച് പേർ മാത്രമാണ് പോർട്ടലിൽ നേരത്തെ രജിസ്റ്റർ ചെയ്‌തിരുന്നത്. തൊഴിൽ ഉടമകൾ രജിസ്‌ട്രേഷൻ നടപടികൾ നടത്തണമെന്ന നിർദേശം ഉണ്ടെങ്കിലും പൂർണമായി നടപ്പിലായിരുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി ഒരിടത്ത് ജോലി ചെയ്യുന്നില്ല എന്നതും ഇതിന് കാരണമാണ്. 2018 മുതൽ ആവാസ് കാർഡ് വിതരണം ചെയ്‌തതിന്റെ എണ്ണം മാത്രമാണ് ഔദ്യോഗികമായി വകുപ്പിന് കൈവശമുള്ളത്. 25,362 പേർക്കാണ് ജില്ലയിൽ ആകെ ആവാസ് കാർഡ് നൽകിയത്. ഇവരിൽ എത്രപേർ ജില്ലയിൽ നിലവിൽ ഉണ്ട് എത്രപേർ തിരിച്ചുപോയി എന്ന് വ്യക്‌തമായ കണക്കില്ല.