കൊച്ചി: യു എ ഇ കോണ്‍സുലേറ്റില്‍ നിന്നുളള ഈന്തപ്പഴം സാമൂഹികനീതി വകുപ്പിന്റെ സ്ഥാപനങ്ങളില്‍ വിതരണം നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്ന് വ്യക്തമാക്കുന്ന രേകഖള്‍ പുറത്ത്. 9973.50 കിലോ ഈന്തപ്പഴമാണ് സ്ഥാപനങ്ങളില്‍ വിതരണം ചെയ്‌തത്. 250 ഗ്രാം വീതം 39,894 പേര്‍ക്കാണ് ഈന്തപ്പഴം നല്‍കിയതെന്ന് സാമൂഹിക നീതി വകുപ്പ് വ്യക്തമാക്കുന്നു. വിവരാവകാശരേഖ പ്രകാരമുളള ചോദ്യങ്ങള്‍ക്കാണ് സാമൂഹികനീതി വകുപ്പിന്റെ മറുപടി.
തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ ഈന്തപ്പഴം വിതരണം ചെയ്‌തത് -1257.25. 234 കിലോ വിതരണം ചെയ്‌ത ആലപ്പുഴയിലാണ് ഏറ്റവും കുറവ്. സാമൂഹികനീതി വകുപ്പിനോട് ഐ ടി സെക്രട്ടറി ഈന്തപ്പഴ വിതരണത്തിന് നിര്‍ദേശിച്ചതിന്റെ കാരണങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് വിവരാവകാശരേഖ പുറത്തുവരുന്നത്.
17,000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ യു എ ഇയില്‍ നിന്ന് എത്തിച്ചശേഷം പുറത്തു വിതരണം ചെയ്‌തതില്‍ ചട്ടലംഘനം നടന്നതായാണ് കസ്റ്റംസ് വിലയിരുത്തല്‍. സാമൂഹിക നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്‌തതിന് പുറമേ സ്വപ്‌നയ്‌ക്ക് പരിചയമുളള ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും ഈന്തപ്പഴം വിതരണം ചെയ്തതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ടാണ് 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.