ലക്നൗ: മകളെ കൂട്ടബലാത്സംഗം ചെയ്ത സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 2018 ല്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ ആയ പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഇവര്‍ കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെയും 40 വയസ്സായ അമ്മയെയും വീട്ടില്‍ കയറി ആക്രമിച്ചത്.
ആബിദ്, മിന്‍റു, മഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരാണ് പ്രതികള്‍. 13 വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇവര്‍ക്ക് പ്രാദേശിക കോടതി ജാമ്യം നല്‍കിയിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം ഈ ആവശ്യം നിഷേധിച്ചതോടെ ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയെയും മറ്റൊരു സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പോലീസ് ഏറ്റുമുട്ടലിലാണ് ഇവരിലൊരാളെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്.