ആറന്മുള : പരാതികള്‍ നല്‍കുന്നവരുടെ പേരില്‍ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കുന്ന ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ നടപടിയില്‍ പത്തനംതിട്ട ഡി.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വീണാ ജോര്‍ജ്ജ് എന്തുകൊണ്ടാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നതെന്നും കൃത്യമായ ഉത്തരം നല്കാന്‍ അറിയാത്തവര്‍ എന്തിനാണ് എം.എല്‍.എയുടെ കുപ്പായം എടുത്തിട്ടതെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ചോദിച്ചു.
കൊടുമണ്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ തോടും പൊതുവഴിയും അടച്ചതു സംബന്ധിച്ച് ഗ്രാമപഞ്ചായത്തില്‍ നല്‍കിയ പരാതി സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രികാലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയാണ്. നിരവധി പേരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. കേസെടുക്കുന്നതിനാവശ്യമായ യാതൊരു പരാമര്‍ശവും പോസ്റ്റിലില്ല. എന്നിട്ടും പോലീസ് എം.എല്‍.എ യുടെ നിര്‍ദ്ദേശ പ്രകാരം കള്ളക്കേസ് എടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്ന് ബാബു ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന എം.എല്‍.എ പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനമാണ്. കോഴഞ്ചേരിയില്‍ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഭീഷണിപ്പെടുത്തിയെന്ന കള്ളപ്പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേയും സ്വകാര്യ ബസ്സ് സ്റ്റാന്‍റിലെ കുഴി അടക്കാത്തതിനു എം.എല്‍.എ യെ വിമര്‍ശിച്ച ഇലന്തൂര്‍ സ്വദേശിക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഭരണത്തിന്റെ സ്വാധീനത്തില്‍ നടത്തുന്ന ഭൂമി കയ്യേറ്റവും തോടുനികത്തലും അന്വേഷിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാകണമെന്ന് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കടുക്കുകയും പീഡിപ്പിക്കുകയും ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് എല്ലാവിധ സംരക്ഷണവും ഡി.സി.സി നല്‍കുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു