പത്തനംതിട്ട : ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട മത്തായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ കുടുംബത്തെ അവഹേളിക്കുകയാണെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
വനപാലകരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് മുമ്പില്‍ നടത്തിയ റിലേ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചത് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു. ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ട നഷ്ടപരിഹാരം, ആശ്രിത നിയമനം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഗവണ്‍മെന്‍റിനുവേണ്ടി കോന്നി എം.എല്‍.എ മത്തായിയുടെ സംസ്കാര ദിവസം കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ നല്‍കിയ ഉറപ്പുപാലിക്കാതെ മത്തായിയുടെ കുടുംബത്തെ അവഹേളിക്കുന്ന സമീപനവുമായി സര്‍ക്കാരും കോന്നി എം.എല്‍.എയും മുന്നോട്ട് പോവുകയാണെന്ന് ബാബു ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
കസ്റ്റഡിമരണക്കേസില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള കീഴ്വഴക്കം മത്തായിയുടെ കാര്യത്തില്‍ മനപ്പൂര്‍വ്വം ലംഘിക്കപ്പെട്ടു. ഐ.എ.എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനം ഓടിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപാ സര്‍ക്കാര്‍ ധനസഹായം നല്‍കിയ മാതൃക പിന്‍തുടര്‍ന്നും കസ്റ്റഡി മരണങ്ങള്‍ക്ക് ഇരയായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ധനസഹായത്തിന്റെ മാതൃക പിന്‍തുടര്‍ന്നും മത്തായിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. വനപാലകര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിട്ടും പ്രതികളായ വനപാലകര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് വിചിത്രമാണ്. വനപാലകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയ സാഹചര്യത്തില്‍ അവരെ സസ്പെന്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വനം മന്ത്രി വ്യക്തമാക്കണം.
വനം മന്ത്രിയും കൃഷിവകുപ്പ് മന്ത്രിയും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മത്തായിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമെന്നും ഗവണ്‍മെന്റ് മത്തായിയുടെ കുടുംബത്തിനു ഉറപ്പ് നല്‍കിയിരുന്നു. മത്തായിയുടെ കുടുംബത്തെ അവഹേളിക്കുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ഡി.സി.സി വീണ്ടും ആരംഭിക്കുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.