പത്തനംതിട്ട : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജില്ലയില്‍ ഉജ്ജ്വല വിജയം നേടുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അവകാശപ്പെട്ടു. പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവികാരം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രകടമായി കാണാമായിരുന്നു. സി.പി.എം ശക്തി കേന്ദ്രങ്ങളില്‍ പോലും പ്രവര്‍ത്തകരില്‍ ഒരു ആവേശവും കണ്ടില്ല. സി.പി.എം നെ ബാധിച്ചിട്ടുള്ള ജീര്‍ണ്ണതകള്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകരുടെ അമര്‍ഷവും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
എല്‍.ഡി.എഫും സി.പി.എമ്മും മുന്നോട്ടുവെച്ച ഭരണനേട്ടങ്ങള്‍ എന്ന പ്രചരണം ഒരിടത്തും ചര്‍ച്ചയായില്ല. ഭരണ നേട്ടങ്ങള്‍ പറയുവാന്‍ ഒന്നുമില്ലായിരുന്നു. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചത് യു.ഡി.എഫ് സര്‍ക്കാരായിരുന്നു. വരുമാന പരിധി വര്‍ദ്ധിപ്പിച്ചതും യു.ഡി.എഫ് ആയിരുന്നു. എല്‍.ഡി.എഫ് പെന്‍ഷന്‍ തുക വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ എന്ന നയം ഏര്‍പ്പെടുത്തി. ഇതുമൂലം ഒന്നിലധികം പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ നിരാശരായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് ശതമാനം കുറയുമെന്നായിരുന്ന എല്‍.ഡി.എഫ് കണക്ക് കൂട്ടല്‍. എന്നാല്‍ അവരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ച് നല്ല പോളിംഗ് രാവിലെ മുതല്‍ നടന്നു. തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ ഉയര്‍ന്നുവന്ന പുത്തന്‍ വിവാദങ്ങള്‍ക്ക് സി.പി.എമ്മിന് മറുപടി പറയുവാന്‍ പോലും സാധിച്ചില്ല.
2015 ല്‍ 11 സീറ്റുകള്‍ ജില്ലാ പഞ്ചായത്തില്‍ ഉണ്ടായിരുന്നത് വര്‍ദ്ധിക്കും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പള്ളിക്കല്‍, ഏനാത്ത്, കൊടുമണ്‍, മല്ലപ്പള്ളി, റാന്നി ഡിവിഷനുകളില്‍ ശക്തമായ മത്സരം നടത്തിയതുമൂലം ഈ സീറ്റുകള്‍ തിരിച്ചുപിടിക്കും. 2015 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജില്ലാപഞ്ചായത്തില്‍ നേടും.
ബ്ലോക്ക് പഞ്ചായത്തുകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ടായിരുന്നതും 1 സീറ്റിന് 2015 ല്‍ നഷ്പ്പെട്ടതുമായ പന്തളം ബ്ലോക്ക് പഞ്ചായത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും.
ഇലന്തൂര്‍, കോയിപ്രം, മല്ലപ്പള്ളി ബ്ലോക്കുകള്‍ നിലനിര്‍ത്തും, പറക്കോട് റാന്നി ബ്ലോക്ക്പഞ്ചായത്തുകളില്‍ ശക്തമായ മത്സരം നടത്തി. അവിടെ വിജയ പ്രതീക്ഷയുമുണ്ട്. 2015 ല്‍ യു.ഡി.എഫിന് ഉണ്ടായിരുന്നത് 21 ഗ്രാമപഞ്ചായത്തുകളായിരുന്നു. ഇത്തവണ ഭൂരിപക്ഷം പഞ്ചായത്തുകളുടെയും ഭരണം യു.ഡി.എഫ് നിയന്ത്രണത്തിലാവും. തിരുവല്ല-പത്തനംതിട്ട നഗരസഭകള്‍ നിലനിര്‍ത്തുന്നതിനൊപ്പം അടൂര്‍-പന്തളം നഗരസഭകള്‍ തിരിച്ചുപിടിക്കും. ബി.ജെ.പി ക്ക് സീറ്റുകള്‍ വര്‍ദ്ധിക്കില്ലെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.