കോഴഞ്ചേരി : പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ അമിതാധികാരമുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ എന്ത് വിലകൊടുത്തും രാജ്യത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചെറുതതു തോല്‍പ്പിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ പതിനഞ്ചാം ദിവസത്തെ പര്യടനം കടമ്മനിട്ടയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ലതികാ സുഭാഷ്.
രാജ്യത്ത് ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അരാജകത്വം സൃഷ്ടിച്ച് അധികാരം ഉറപ്പിക്കാമെന്ന മോദി-അമിത്ഷാ കൂട്ടുകെട്ടിനേറ്റ കനത്ത പ്രഹരമാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രക്ഷോഭമെന്നും ഡിസംബര്‍ 15 മുതല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ഷെഹിന്‍ ബാഗില്‍ നടക്കുന്ന സമരമെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ വര്‍ഗ്ഗീയ ഫാസിസത്തില്‍ നിന്നും രക്ഷിക്കാനുള്ള പ്രക്ഷോഭത്തിന് എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു. രണ്ടായിരം കോടി രൂപയുടെ പ്രളയസെസ് കേരളത്തിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് ഈ പ്രാവശ്യം ആയിരത്തി ഒരുനൂറ്റി മൂന്ന് കോടി രൂപയുടെ അധിക നികുതിയാണ് ജനങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്നും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കേരളത്തിലെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നതാണ് കേരളാ ബജറ്റ് എന്നും അവര്‍ പറഞ്ഞു.
നാരങ്ങാനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രമേശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍നായര്‍, ഡി.സി.സി ഭാരവാഹികളായ കെ.കെ റോയ്സണ്‍, എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്‍, കാട്ടൂര്‍ അബ്ദുള്‍ സലാം, ജെറി മാത്യു സാം, സുനില്‍. എസ്. ലാല്‍, സോജി മെഴുവേലി, ജാസിം കുട്ടി, റോഷന്‍ നായര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ലാലി ജോണ്‍, സ്റ്റെല്ലാ തോമസ്, ജില്ലാ പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫ്, ശ്രീകാന്ത് കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കണമുക്ക്, മടത്തുംപടി, നെല്ലിക്കാല, തെക്കേമല, ആറന്മുള, തറയില്‍മുക്ക് എന്നിവടങ്ങളില്‍ പര്യടനം നടത്തിയ ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്ര വൈകിട്ട് കോഴഞ്ചേരിയില്‍ സമാപിച്ചു.