പത്തനംതിട്ട : രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിദ്വേഷ ശക്തികള്‍ക്കെതിരായുള്ള ജനമുന്നേറ്റമായി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിലെ ജില്ലയിലെ കോണ്‍ഗ്രസ് പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഡി.സി.സി നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജാതിയുടേയും മതത്തിന്‍റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. രാജ്യത്തിന്‍റെ ചരിത്രം തിരുത്തി എഴുതുവാനും ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുവാനും സംഘടിതമായ ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിച്ച് മതേതര ഇന്ത്യയെ വീണ്ടെടുക്കുവാനാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് ജോസി സെബാസ്റ്റ്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറിമാരായ എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, റോബിന്‍ പീറ്റര്‍, അനില്‍ തോമസ്, ഹരികുമാര്‍ പൂതങ്കര, ജെറി മാത്യു സാം, എം.ജി കണ്ണന്‍, സജി കൊട്ടയ്ക്കാട്, സതീഷ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ജന സമ്പര്‍ക്ക പരിപാടിയിലൂടെ കെ.പി.സി.സി ഫണ്ട് ശേഖരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ നിയോജക മണ്ഡലം തല നേതൃത്വ യോഗം ചേരുന്നതിനും ബൂത്തുകളില്‍ നിന്നും ശേഖരിച്ച കെ.പി.സി.സി ഫണ്ട് ഡി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുന്നതിനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. നേതൃയോഗത്തില്‍ ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാര്‍, ഭാരത് ജോഡോ യാത്ര നിയോജക മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയില്‍ തിരുവനന്തപുരം ശ്രീകാര്യം മുതല്‍ കഴക്കൂട്ടം വരെ അയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള ജില്ലയുടെ പങ്കാളിത്തം വന്‍ വിജയമായതായി യോഗം വിലയിരുത്തി. പങ്കെടുത്ത പ്രവര്‍ത്തകരെയും നേതാക്കളെയും യോഗം അഭിനന്ദിച്ചു. സെപ്റ്റംബര്‍ 17 ശനിയാഴ്ച നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കായംകുളം മുതല്‍ ചേപ്പാട് വരെ ജില്ലയിലെ തിരുവല്ല നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.