പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടേയും മണ്ഡലം പ്രസിഡന്റുമാരുടേയും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പരിശോധന ഡി.സി.സി യില്‍ തുടങ്ങി. കെ.പി.സി.സി തയ്യാറാക്കി നല്‍കിയ മാതൃകയില്‍ ഡി.സി.സി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും അവരുടെ പ്രവര്‍ത്തന വിവരങ്ങള്‍ ഒരോ മാസവും 5-ാം തീയതിക്ക് മുമ്പായി ഡി.സി.സി യില്‍ നല്‍കണമായിരുന്നു. ചാര്‍ജ്ജുള്ള മണ്ഡലങ്ങളിലെ വിവരങ്ങള്‍ ഡി.സി.സി ഭാരവാഹികള്‍ രേഖപ്പെടുത്തണം. ഇങ്ങനെ ലഭിച്ച റിപ്പോര്‍ട്ടുകളുടെ പരിശോധനയും വിലയിരുത്തലുമാണ് ഡി.സി.സി യില്‍ തുടങ്ങിയത്.
പെര്‍ഫോമന്‍സ് അസസ്‌മെന്റ് ചാര്‍ജ്ജുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചാര്‍ജ്ജുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂറും പങ്കെടുത്തു. ഭാരവാഹികളുടെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ പച്ച, മഞ്ഞ, ചുവപ്പ്, ഗ്രേഡുകള്‍ നല്‍കും. പാര്‍ട്ടി ഏല്‍പ്പിച്ച സംഘടനാ ചുമതലകള്‍ എങ്ങനെ നിര്‍വഹിച്ചുവെന്നും പാര്‍ട്ടിയുടെ സമരപരിപാടികളിലെ പങ്കാളിത്തവും മറ്റുമാണ് മാനദണ്ഡങ്ങളായി നിശ്ചയിച്ചിരിക്കുന്നത്. മണ്ഡലം, ബ്ലോക്ക് തലത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടികളുടെ വിവരങ്ങളും വാര്‍ഡ് കമ്മിറ്റികളുടെ പ്രവര്‍ത്തനവും മാതൃകയില്‍ ചോദിച്ചിട്ടുണ്ട്. രാവിലെ 10 ന് തുടങ്ങിയ പരിശോധന വൈകിട്ട് 6 ന് അവസാനിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, വി.ആര്‍ സോജി, സുനില്‍ എസ് ലാല്‍, റജി പൂവത്തൂര്‍, ഹരികുമാര്‍ പൂതങ്കര എന്നിവര്‍ പ്രസംഗിച്ചു.