പത്തനംതിട്ട : ഭരണ പരാജയത്തിന്റെ ദയനീയ ചിത്രങ്ങളാണ് കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രതിഫലിക്കുന്നതെന്നും സ്വൈര്യ ജീവതം അസാദ്ധ്യമായിരിക്കുകയാണെന്നും യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. കോവിഡ് വ്യാപനം എല്ലാ സീമകളും വിട്ട് കുതിക്കുമ്പോള്‍ ആരോഗ്യ വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. രോഗനിര്‍ണ്ണയത്തിനുള്ള പരിശോധനക്കോ രോഗികളെ ക്വാറന്‍റൈനിലാക്കാനോ ഉള്ള യാതൊരു സംവിധാനവും നിലവിലില്ല. കോവിഡ് ബ്രിഗേഡിനെ പിരിച്ചുവിട്ടതോടെ സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട ഇത്തരം ക്രമീകരണങ്ങളെല്ലാം ഇല്ലാതായിരിക്കുന്നു. സ്വകാര്യ ലാബുകളേയും ആശുപത്രികളേയും ആശ്രയിക്കേണ്ട നിര്‍ബന്ധിതാവസ്ഥയാണ് സാമാന്യജനത്തിനുള്ളത്. വ്യാപനം ഇതുപോലെ കുതിക്കാനുള്ള കാരണവും ഇതാണ്. ജാഗ്രത പാലിക്കണമെന്ന ആഹ്വാനം നടത്തി ആരോഗ്യമന്ത്രി കൈകഴുകിയിരിക്കുകയാണെന്നും യോഗം ആരോപിച്ചു.
നിയമം കൈയ്യിലെടുത്തുകൊണ്ട് ഭരണകക്ഷിതന്നെ അഴിഞ്ഞാട്ടം നടത്തി സ്വൈര്യജീവിതം അസാദ്ധ്യമാക്കുന്ന അവസ്ഥയാണെന്നും പോലീസ് നിഷ്ക്രിയമായി നില്‍ക്കുന്നതുകൊണ്ട് ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ ജനങ്ങള്‍ ഭീതിയോടുകൂടിയാണ് കഴിയുന്നതെന്നും യോഗം ആരോപിച്ചു. യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ചെയര്‍മാന്‍ വിക്ടര്‍ ടി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, അഡ്വ.കെ.ശിവദാസന്‍ നായര്‍, ജോസഫ് എം പുതുശ്ശേരി. പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, എ.ഷംസുദ്ദീന്‍, റ്റി.എം ഹമീദ്, അഡ്വ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്, തോമസ് ജോസഫ്, സനോജ് മേമന, അഡ്വ.ജയവര്‍മ്മ, സുബിന്‍ തോമസ്, മലയാലപ്പുഴ ശ്രീകോമളന്‍, ഇ.കെ ഗോപാലന്‍, അബ്ദുള്‍ മുത്തലിഫ്, ലാലു തോമസ്, പഴകുളം ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.