പത്തനംതിട്ട : വള്ളിക്കേട് പഞ്ചായത്തിലെ മാമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ പ്ലാന്റിലേക്ക് വ്യാവസായിക ആവശ്യത്തിന് അനധികൃതമായി വെള്ളമെടുക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് ഭരണ സമിതി ഒന്നും അറിഞ്ഞില്ല എന്ന് പ്രസ്താവന നടത്തുന്നത് മനപ്പൂര്‍വ്വം കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടിയാണ്. പഞ്ചായത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത പഞ്ചായത്ത് പ്രസിഡന്റ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് കുറ്റപ്പെടുത്തി. വള്ളിക്കോട്, കൊടുമണ്‍, അങ്ങാടിക്കല്‍ എന്നീ മൂന്ന് വില്ലേജുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിനായുള്ള ഈ പദ്ധതി മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് പമ്പിംഗ് നടത്തുന്നത്. ഇതില്‍നിന്ന് തന്നെ കുടിവെള്ളം ലഭിക്കില്ല എന്ന് വ്യക്തമാണ്.
എട്ടു വര്‍ഷം മുന്‍പ് ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം വേണമെന്ന് മില്‍മ പറയുന്നിടത്ത് ഇന്ന് 2.5 ലക്ഷം ലിറ്റര്‍ വേണമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇതെല്ലാം മറച്ചുവെച്ച് മുന്‍ പഞ്ചായത്ത് കമ്മിറ്റി അനുമതി നല്‍കാത്ത പദ്ധതിക്ക് വൈദ്യുതി വിഛേദിച്ച് രാത്രിയില്‍ കണക്ഷനെടുക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ അനധികൃത കണക്ഷന്‍ എടുത്ത നടപടിക്കെതിരെ കോടതിയില്‍ പോകും എന്ന് തീരുമാനമെടുത്തിട്ട്, അടിയന്തിര പഞ്ചായത്ത് കമ്മിറ്റിയില്‍ നിയമ നടപടിയുടെ കാര്യം മറച്ചുവെച്ച് ഒരു നിവേദക സംഘം മാത്രമാക്കി പഞ്ചായത്ത് കമ്മിറ്റിയെയും സര്‍വ്വകക്ഷിസംഘത്തെയും മാറ്റിയത് മില്‍മയെ സഹായിക്കുന്നതിനുവേണ്ടിയാണ്.
വ്യാവസായിക ആവശ്യത്തിന് കുടിവെള്ളം നല്‍കരുതെന്നുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനനം ജല അതോറിറ്റിയെ അറിയിച്ചിട്ടുള്ളപ്പോള്‍ അതിന് വിരുദ്ധമായി ഭരണകക്ഷിയുടെ താല്‍പര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടേണ്ടിയിരുന്നത്. കുടിവെള്ളലഭ്യതയില്ലെന്ന് പറയുന്ന പ്രസിഡന്റ് മില്‍മ്മക്കുവേണ്ടി ഒത്താശചെയ്ത് പഞ്ചായത്ത് കമ്മിറ്റിയേയും ജനങ്ങളേയും ഒരുപോലെ വഞ്ചിച്ചിരിക്കുകയാണ്.