പത്തനംതിട്ട : ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിനുവേണ്ടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികളുടെ യോഗം വിളിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ആളെ കൂട്ടുന്ന നടപടി ജനാധിപത്യ വിരുദ്ധമാണ് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഈ പ്രസ്ഥാനത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയാക്കി മാറ്റുവാനുള്ള നീക്കം ജനാധിപത്യത്തേയും ഇതിന്റെ സ്വയംഭരണത്തേയും തകര്‍ക്കുന്നതിന് വേണ്ടിയാണ്. ഈ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇത്തരത്തില്‍ അനധികൃതമായി യോഗം വിളിക്കുന്നത് തെളിവ് സഹിതം പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ നിസംഗതയോടെയും മൗനത്തോടെയും ഇരിക്കുന്നത് ഉദ്യോഗസ്ഥര്‍ ഭരണകക്ഷിയെ ഭയക്കുന്നതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഉത്തരവാദിത്വപ്പെട്ടവര്‍ ഇത് തടഞ്ഞില്ലായെങ്കില്‍ എല്ലാ പഞ്ചായത്തുകളുടെ മുന്‍പിലും സമരം സംഘടിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അണികളെ വെച്ച് സംസ്ഥാന സമ്മേളനം നടത്തുന്നതിന് പകരം തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങളേയും തൊഴിലുറപ്പ് തൊഴിലാളികളേയും സമ്മര്‍ദ്ദത്തില്‍ പെടുത്തി ഇങ്ങനെയുള്ള യോഗത്തില്‍ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല എന്ന് ഡി.സി.സി പ്രസിഡന്റ് പ്രെഫ.സതീഷ് കൊച്ചുപറമ്പില്‍ കുറ്റപ്പെടുത്തി.