പത്തനംതിട്ട : കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതും, ജില്ലയിലെ സി.പി.എം നേതൃത്വം രാഷ്ട്രീയ താല്പര്യത്തിലൂടെ സഹകരണസ്ഥാപനങ്ങള്‍ വെട്ടിപ്പിടിച്ചതുമൂലവും ജില്ലയിലെ സഹകരണ പ്രസ്ഥാനം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ അഡ്വ.കെ.ജയവര്‍മ്മ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളായ മൈലപ്ര, സീതത്തോട്, ചെങ്ങരൂര്‍, കൊറ്റനാട്, ചന്ദനപ്പള്ളി, കുമ്പളംപൊയ്ക, റാന്നി എംപ്ലോയീസ് സഹകരണസംഘം തുടങ്ങിയ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ പണം തിരിച്ചുകിട്ടാന്‍ നെട്ടോട്ടം ഓടുകയാണ്. ആയതിനാല്‍ സി.പി.എം ഭരണ നേതൃത്വത്തില്‍ നടത്തിയ അഴിമതിയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പിടിച്ചെടുത്ത അടൂര്‍ അര്‍ബന്‍ ബാങ്കിനെ ലിക്വിഡേഷന്‍ നിലയില്‍ എത്തിച്ച സി.പി.എമ്മിന്റെ ജില്ലയിലെ ഉന്നത നേതാക്കന്മാര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ വിവധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുകയാണ്. അവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ സംസ്ഥാന ഇടതു നേതൃത്വം തയ്യാറാകണം.
ജില്ലയില്‍ സി.പി.എം നേതൃത്വത്തില്‍ നടക്കുന്ന പിടിച്ചെടുക്കല്‍, അഴിമതി-ധൂര്‍ത്ത് തുടങ്ങിയ ജനദ്രോഹ നടപടികള്‍ക്കെതിരെ മെയ് 11 ന് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ എ.ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ടി.കെ. സാജു, തോപ്പില്‍ ഗോപകുമാര്‍, എസ്.വി പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.