പത്തനംതിട്ട : കോവിഡ് രോഗികള്‍ക്കും അവരുമായി സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 26 ന് ഇറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവ്യക്തവും തട്ടിപ്പ് നടത്തുവാന്‍ ഉപകരിക്കുന്നതുമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആരോപിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ മറവില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടെന്നു പറഞ്ഞ് തങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് സ്പെഷ്യല്‍ ബാലറ്റ് നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജില്ലാ ഭരണകൂടം കൂട്ടുനില്‍ക്കുകയാണെന്നും ഇതിനെതിരെ ഡി.സി.സി ക്ക് സമരം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക അധികാരം സിദ്ധിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നവര്‍ക്ക് സ്പെഷ്യല്‍ ബാലറ്റ് നല്‍കുന്നതിനും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ മറവിലാണ് വ്യാപകമായി ക്വാറന്‍റൈനിലുള്ളവരെന്നു സാക്ഷ്യപത്രം നല്‍കാന്‍ ശ്രമിക്കുന്നത്. സി.പി.എം അനുകൂല ഉദ്യോഗസ്ഥരെ മാത്രമാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. പി.പി.ഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാന്‍ വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് . ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. വിദേശത്തുനിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്ന് ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ കമ്മീഷന്‍ തീരുമാനം എടുത്തിട്ടുമില്ല. നിരവധി പേര്‍ ഈ കാലയളവില്‍ നാട്ടില്‍ വരുന്നുണ്ട്. അവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാവണമെന്നും ബാബു ജോര്‍ജ്ജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.