പത്തനംതിട്ട : പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 25 ദുരിതങ്ങളുടെ നാലുവര്‍ഷം എന്ന പേരില്‍ ജില്ലയില്‍ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ജില്ലാ, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ജില്ലയൊട്ടാകെ സംഘടിപ്പിക്കുവാന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു.
ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനുമുണ്ടായ പരാജയത്തില്‍ പ്രതിഷേധിച്ചാണ് കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലയില്‍ സമരം നടത്തുന്നത്. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഭരിച്ച നാലുവര്‍ഷവും ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് യോഗം വിലയിരുത്തി. എല്‍.ഡി.എഫ് ഭരണത്തില്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ദുരിതങ്ങളുടെ പെരുമഴക്കാലമാണ് ഉണ്ടായതെന്നും ഒന്നും, രണ്ടും പ്രളയങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കാര്‍ഷിക വിളകള്‍ക്കും ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രളയാനന്തര പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. പ്രളയം മൂലം പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നഷ്ടപ്പെടുത്തിയതു കാരണം സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമാണ് ജില്ലയില്‍ ഉണ്ടായത്. ഭരണകക്ഷിയുടെ ഒത്താശയോടെ ജില്ലയില്‍ മണ്ണ്, മണല്‍, ക്വാറി മാഫിയ അഴിഞ്ഞാട്ടം നടത്തിയിട്ട് അത് നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജസ്നയുടേതുള്‍പ്പെടെയുള്ള തിരോധാനങ്ങളുടേയും ദുരൂഹ മരണങ്ങളുടേയും ചുരുള്‍ അഴിക്കുന്നതില്‍ ജില്ലയിലെ പോലീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ജില്ലാ കളക്ടര്‍ ഭരണകക്ഷി എം.എല്‍.എ മാരെ പ്രമോട്ട് ചെയ്യുന്ന ഏജന്‍റായി മാറിയിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. പ്രളയ ഭീഷണി നിലനില്‍ക്കുന്ന ജില്ലയില്‍ പ്രളയവും മറ്റ് പ്രകൃതി ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിദഗ്ദനായ ഒരു ഐ.എ.എസ് ഓഫീസറെ നിയമിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യം മൂലം ഉണ്ടായിരിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും റബ്ബര്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്കുണ്ടായ തകര്‍ച്ച പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെ പരിതാപകരമായ അവസ്ഥ പരിഹരിക്കണമെന്നും മടങ്ങിവരുന്ന പ്രവാസികളുടെ പുന:രധിവാസം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കുചെറിയാന്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, റജി തോമസ്, സതീഷ് ചാത്തങ്കേരി, എം.സി ഷെറീഫ്, ജോണ്‍സണ്‍ വിളവിനാല്‍, വി. ആര്‍ സോജി, കെ.എന്‍ അച്ചുതന്‍, റജി പൂവത്തൂര്‍, സിന്ധു അനില്‍, സുനില്‍ കുമാര്‍ പുല്ലാട്, സതീഷ് ചാത്തങ്കേരി, ഷാം കുരുവിള, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, ബ്ലോക്ക് മണ്ഡലം പ്രസിഡന്‍റുമാര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.