പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ റിബൽ സ്ഥാനാർത്ഥികളായി മുൻപ് മത്സരിച്ചവർക്കും വിമത പ്രവർത്തനം നടത്തിയവർക്കും ഇത്തവണ സീറ്റ് നൽകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ ചേർന്ന ഡി.സി.സി നിർവാഹക സമിതി യോഗം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
ജനാധിപത്യ പ്രസ്ഥാനം എന്ന നിലയിൽ അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയുവാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങളിലൂടെ ചർച്ചയാക്കുവാൻ ആര് ശ്രമിച്ചാലും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾ പാർട്ടി സെക്രട്ടറിയുടെ വീട് റെയ്ഡ് ചെയ്തിട്ടും സ്ഥാനത്ത് തുടരുന്നത് സാമാന്യ മര്യാതയുടെ ലംഘനമാണ്. സി.പി.എം പാർട്ടിയുടെ അപചയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും കെ.പി.സി.സി പ്രസിഡന്റ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ, എം.പി മാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, കെ.പി.സി.സി ഭാരവാഹികളായ കെ.ശിവദാസൻ നായർ, പഴകുളം മധു, കെ.പി.അനിൽകുമാർ, എ.എ.ഷുക്കൂർ, എം.മുരളി, സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പിൽ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എൻ.ഷൈലാജ്, കെ.പി.സി.സി മെമ്പർ പി.മോഹൻ രാജ്, പന്തളം സുധാകരൻ, എ.ഷംസുദ്ദീൻ, മാലേത്ത് സരളാദേവി, മാത്യു കുളത്തിങ്കൽ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ തോപ്പിൽ ഗോപകുമാർ, കെ.ജയവർമ്മ, റെജി തോമസ്, ജോർജ് മാമ്മൻ കൊണ്ടുർ, ബാബു ജി ഈശോ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു. രാവിലെ 10ന് ആരംഭിച്ച യോഗം വൈകിട്ട് 5നാണ് സമാപിച്ചത്. കെ.പി.സി.സി പ്രസിഡന്റും നേതാക്കളും മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കുകയും ഭാരവാഹികളുമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആശയ വിനിമയം നടത്തുകയും ചെയ്തു.