പത്തനംതിട്ട : നിരണത്ത് കാര്‍ഷിക കടബാധ്യത മൂലം ആത്മഹത്യചെയ്ത നിരണം കാണത്രപറമ്പില്‍ രാജീവിന്‍റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാട്ടത്തിന് എട്ട് ഏക്കറോളം നെല്‍കൃഷി ചെയ്തിരുന്ന രാജീവിന്റെ കൃഷി കഴിഞ്ഞ മഴയില്‍ നശിച്ചതിനെതുടര്‍ന്ന് വാണിജ്യ ബാങ്കുകളില്‍ റിന്നും പുരുഷ സ്വയം സഹായ സഹകരണ സംഘത്തില്‍ നിന്നും എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ഭീഷണി നേരിട്ട കര്‍ഷകനാണ് രാജീവ് എന്നും കൃഷി നാശത്തിന് സര്‍ക്കാരില്‍ നിന്നും യാതൊരാനുകൂല്യവും ലഭിക്കതിരുന്നതിനെ തുടര്‍ന്നാണ് രാജീവ് ആത്മഹത്യ ചെയ്തത്. ഇതിന് ഉത്തരവാദി രാജീവിനെപ്പോലെയുള്ള കര്‍ഷകരെ കബളിപ്പിക്കുന്ന സര്‍ക്കാരാണെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയും മലയോര മേഖലകളിലെ നാണ്യ വിളകളും നശിച്ച കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും നല്‍കാത്ത സര്‍ക്കാര്‍ കര്‍ഷകരുടെ കണ്ണുനീരിന് ഉത്തരം നല്‍കണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജീവിന്റെ വസതി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ സന്ദര്‍ശിച്ചു. മണ്ഡലം പ്രസിഡന്റ് അലക്സ് പുത്തൂപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് കെ.പി പുന്നൂസ്, പാടശേഖരസമിതി പ്രസിഡന്റ് ബഞ്ചമിന്‍ തോമസ് എന്നിവര്‍ ഡി.സി.സി പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.