പത്തനംതിട്ട : റാന്നി നീരേറ്റുകാവ് വനംകൊള്ളയെപ്പറ്റി നിയമസഭാ സമതി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. നടുവത്തുമൂഴിയിലും സമാനമായ മരംമുറിക്കല്‍ നടന്നിട്ടുണ്ട്. അടൂര്‍ – കായംകുളം റോഡില്‍ 14-ാം മൈലില്‍ നടന്ന മരം മുറിയും അനേഷിക്കണം. വനം വകുപ്പ് കൈകാര്യം ചെയ്തത് സി.പി.ഐ യുടെ മന്ത്രി ആയിരുന്നു. സി.പി.ഐ ജില്ലാ നേതാവിന്റെ നാട്ടിലും സമാനമായ മരംമുറിക്കല്‍ നടന്നിട്ടുണ്ട്.
റാന്നിയില്‍ പാറമട തുടങ്ങാനായിട്ടാണ് സ്വകാര്യ വ്യക്തി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു കടത്തിയത്. സംഭവം വിവാദമായപ്പോള്‍ നാമമാത്രമായ പിഴത്തുക മാത്രമാണ് സര്‍ക്കാര്‍ ഈടാക്കിയത്. റവന്യൂ-വനം വകുപ്പുകള്‍ക്ക് ഇതില്‍ തുല്യ ഉത്തരവാദിത്വം ഉണ്ട്. വനം വകുപ്പിലെ ഉന്നതര്‍ കൂടാതെ ഇടതുമുന്നണിയിലെ സി.പി.എം-സി.പി.ഐ ജില്ലാ നേതാക്കള്‍ക്ക് ഇതിലുള്ള പങ്ക് കൂടി അന്വേഷിക്കണം. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപെടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
കല്ലേലി ഹാരിസണ്‍ പ്ലാന്റെഷനിലെ റബ്ബര്‍ മരങ്ങള്‍ മുറിച്ച് നീക്കം ചെയ്തതിന്റെ മറവില്‍ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പറക്കുളം തേക്ക് കൂപ്പ്, ഡമ്പിംഗ് സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് തേക്ക് തടികള്‍ 2020 ല്‍ നീക്കം ചെയ്തിരുന്നു. പരാതികള്‍ ഉയര്‍ന്നിട്ടും അന്വേഷണം നടന്നില്ല. നടുവത്തുമൂഴിയില്‍ ഫ്ളയിംഗ് സക്വാഡ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ വിവിധ വന മേഖലകളില്‍ നടന്ന വനംകൊള്ളയെപ്പറ്റി നിയമസഭാ സമിതി അന്വേഷിക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ എബ്രഹാം മാത്യ പനച്ചമൂട്ടില്‍, വി.ആര്‍ സോജി, രാജു മരുതിക്കല്‍, എ.റ്റി ജോയിക്കുട്ടി, പ്രമോദ് മന്ദമരുതി, ബെന്നി മടത്തുംപടി, മാത്യു തോമസ്, സാംകുട്ടി എന്നിവര്‍ നീരേറ്റ് കാവിലെ മരം മുറിച്ച സ്ഥലം സന്ദര്‍ശിച്ചു.