പത്തനംതിട്ട : യു.ഡി.എഫ് അധികാരത്തിലെത്തുമ്പോള്‍ അഴിമതിക്കാരും ഗുണ്ടാ മാഫിയ സംഘങ്ങളുടെ പിണിയാളുകളുമായ പോലീസുദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും പോലീസില്‍ ഇത്രയധികം അഴിമതികള്‍ ഇതിനുമുമ്പുണ്ടായിട്ടില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ആഭ്യന്തര വകുപ്പിലെ അഴിമതികള്‍ക്കെതിരെയും തോക്കുകളും തിരകളും നഷ്ടപ്പെട്ടതിനെക്കുറിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ ജില്ലാതല ഉത്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്കുതന്നെ ഭീഷണിയാകുന്ന തരത്തിലാണ് തോക്കുകളും തിരകളും നഷ്ടമായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് സുഖവാസം നടത്താനായി വില്ലകള്‍ നിര്‍മ്മിച്ച് അഴിമതി നടത്തി. പോലീസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് എന്ത് കാര്യമാണുള്ളത്. കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ട്. ഒരുകോടി രൂപക്ക് മുകളില്‍ പോലീസ് ചെലവാക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വേണം. എന്നാല്‍ 145 വാഹനങ്ങള്‍ പോലീസ് മേധാവി വാങ്ങിയത് ഗവണ്‍മെന്‍റ് അനുമതിയില്ലാതെയാണ്. പിന്നീട് സര്‍ക്കാര്‍ ഈ നടപടി അംഗികരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ട്.
മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍ വാങ്ങിയതിലും ആഡംബര കാറുകള്‍ വാങ്ങിയതിലും പോലീസ് മേധാവി പ്രതിക്കൂട്ടിലാണ്. വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കി മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഡി.ജി.പി യുടെ തീരുമാനമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്രയധികം നടന്ന ഒരു കലം ഉണ്ടായിട്ടില്ല. കൊലപാതകികളെ കണ്ടെത്താന്‍ യാതൊരു നടപടിയും ഇല്ലെന്നും അവരെ സംരക്ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി സുപ്രീകോടതിയില്‍നിന്നും അഭിഭാഷകരെവരെ കൊണ്ടുവന്നതിന് ഖജനാവില്‍നിന്നും 88 ലക്ഷം രൂപ നല്‍കിയതും ഈ ഗവണ്‍മെന്റിന്റെ കൊലയാളി സ്നേഹം വ്യക്തമാക്കുന്നു. പത്തനംതിട്ട പോലീസ് ആറന്മുള എം.എല്‍.എ ക്കു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെമേല്‍ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ബാബു ജോര്‍ജ് ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, കെ.കെ റോയിസണ്‍, എം.സി ഷെറീഫ്, കെ. ജാസിംകുട്ടി, സിന്ധു അനില്‍, ജെറി മാത്യു സാം, ജോണ്‍സണ്‍ വിളവിനാല്‍, ബോധേശ്വര പണിക്കര്‍, റോജി പോള്‍ ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.സി.സി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് മണ്ഡലം പ്രസിഡന്‍റുമാരായ റെനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍, കെ.എ വര്‍ഗ്ഗീസ്, എം.ആര്‍ രമേശ്, വര്‍ഗ്ഗീസ് മാത്യു, തോമസ് ജോണ്‍, ജിജി ചെറിയാന്‍, പി.എം ജോണ്‍സണ്‍, റോസിലിന്‍ സന്തോഷ്, രജനി പ്രദീപ്, കലാ അജിത്, പി.കെ മുകുന്ദന്‍, നാസർ തോണ്ടമണ്ണിൽ , ഇക്ബാല്‍, അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 10 പോലീസ് സ്റ്റേഷനുകളിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പത്തനംതിട്ടയില്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, ആറന്മുളയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശിവദാസന്‍ നായര്‍, അടൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മല്ലപ്പള്ളിയില്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി.മോഹന്‍രാജ്, തണ്ണിത്തോട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍, റാന്നിയില്‍ യു.ഡി.എഫ് കണ്‍വീനര്‍ പന്തളം സുധാകരന്‍, എഴുമറ്റൂരില്‍ എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, പന്തളം തോപ്പില്‍ ഗോപകുമാര്‍, കോന്നിയില്‍ മാത്യു കുളത്തിങ്കല്‍, തിരുവല്ലയില്‍ സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.