പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ടയിലെ 100 പ്രമുഖരുമായി നടത്തിയ ചര്‍ച്ച വെറും പ്രഹസനവും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2016 ഫെബ്രുവരിയില്‍ നവോത്ഥാന യാത്ര അദ്ദേഹം നടത്തിയിരുന്നു. അന്നും വിദഗ്ദ്ധരുമായി ചര്‍ച്ച ഉണ്ടായിരുന്നു , എല്‍.ഡി.എഫ് ന്റെ 2016 ലെ പ്രകടന പത്രികയില്‍ പത്തനംതിട്ട ജില്ലക്കായി പ്രത്യേക പദ്ധതികള്‍ ഒന്നും ഇല്ലായിരുന്നു. മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ച പ്രവാസി ക്ഷേമത്തിനുള്ള ഡ്രീം കേരള പദ്ധതി, ടയര്‍ നിര്‍മ്മാണത്തിനുള്ള വന്‍കിട ഫാക്ടറി, ശബരിമല വിമാനത്താവള പദ്ധതി, ഫ്ലൈ ഓവറുകള്‍, പാലങ്ങള്‍, ബൈപാസുകള്‍, ഐ.ടി ഹബ്, ഇന്‍റര്‍നാഷണല്‍ കാമ്പസ് ഹബ് തുടങ്ങിയവ എങ്ങുമെത്തിയില്ല.
പുനലൂര്‍- മൂവാറ്റുപുഴ ഹൈവേ തുടങ്ങിയത് യു.ഡി.എഫിന്റെ കാലത്തായിരുന്നു. ഇതിന് ഫണ്ട് അനുവദിക്കാതെ പണി വൈകിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു. കോന്നി ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യു.ഡി.എഫിന്റെ സ്വപ്ന പദ്ധതികളായ കോന്നി മെഡിക്കല്‍ കോളേജിനും പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയ്ക്കും പണം അനുവദിച്ചത്. ആറന്മുള എം.എല്‍.എ ആയിരുന്ന അഡ്വ. കെ. ശിവദാസന്‍ നായര്‍ തുടക്കം കുറിച്ച പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷന്‍ 5 വര്‍ഷമായിട്ടും പണി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചില്ല. സ്ഥലം കാടുപിടിച്ചു കിടക്കുന്നു. ജില്ലാ പി.എസ്.സി ഓഫീസിനു സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുമെന്ന വാഗ്ദാനം നടപ്പിലായില്ല. വന്‍കിട റോഡുകളുടെ നിര്‍മ്മാണം യു.ഡി.എഫ് ആണ് കേരളത്തില്‍ ആരംഭിച്ചത്. അതിനെതിരെ സമരം ചെയ്തവരായിരുന്നു സി.പി.എം.
പതിബെല്‍ കമ്പനിക്ക് പണം നല്‍കാതെ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തത് എല്‍.ഡി.എഫ് കേരളം ഭരിച്ചപ്പോഴാണ്. യു.ഡി.എഫ് കാലത്ത് തുടക്കം കുറിച്ച ചില റോഡുകളുടെ ടാറിംഗ് പൂര്‍ത്തീകരിക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. 924.62 കോടി രൂപയുടെ റോഡുകള്‍ ജില്ലയില്‍ പുതിയതായി നിര്‍മ്മിച്ചു എന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണ്. 2016 ന് മുമ്പുള്ള അവസ്ഥയില്‍ ജനം നിരാശരായിരുന്നു എന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രസംഗിച്ചത്. 2011 -2016 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് വന്‍കിട പദ്ധതികള്‍ കേരളത്തില്‍ ആരംഭിച്ചത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ പദ്ധതി തുടങ്ങിയത് എ.കെ ആന്‍റണി മുഖ്യമന്ത്രി ആയപ്പോഴായിരുന്നു. അന്ന് അതിനെതിരെ സമരത്തിനു നേതൃത്വം കൊടുത്തത് പിണറായി വിജയനായിരുന്നു.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ 2018 ലെ പ്രളയത്തെ തുടര്‍ന്നാണ് കേരളാ സൃഷ്ടി എന്ന പ്രഖ്യാപനം നടത്തിയത്. സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ക്ക് നവകേരളത്തില്‍ തുടക്കം കുറിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു. യു.ഡി.എഫിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ ആചാര ലംഘനം നടത്തുന്നതിന് കൂട്ടു നിന്നതു വഴി ശബരിമല തീര്‍ത്ഥാടനം വഴിപാടുപോലെയായി. ഇന്ന് വരുമാനം നിലച്ചു. ഗവണ്‍മെന്‍റിന്റെ സാമ്പത്തിക ഭദ്രതയെയും ഇതു ബാധിച്ചു. ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമായില്ല. ഭൂമി കണ്ടെത്തുന്നത് ഉള്‍പ്പെടെ ഇപ്പോഴും അനിശ്ചിതത്വമാണ്. മലയോര ഹൈവേ യാഥാര്‍ത്ഥ്യമായില്ല. വന്‍കിട പ്രോജക്ടുകള്‍ ഒന്നും ഈ 5 വര്‍ഷവും ജില്ലയ്ക്ക് ലഭിച്ചില്ല. റബ്ബര്‍ കര്‍ഷകരെ സഹായിക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നിട്ടും റബ്ബറിന് താങ്ങുവില നല്‍കുവാനോ സബ്സിഡി നല്‍കുവാനോ തയ്യാറായില്ല.
വന്യമൃഗ ശല്യത്തില്‍ നിന്നും ജില്ലയിലെ കര്‍ഷകരെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
പ്രഖ്യാപിച്ച പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചില്ല. കോഴഞ്ചേരി പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു. ജില്ലയില്‍ നടന്ന പല കൊലപാതകങ്ങളും തിരോധാനങ്ങളും ഇപ്പോഴും ദുരൂഹമാണ്. വനപാലകരാല്‍ കൊല്ലപ്പെട്ട ചിറ്റാറിലെ പി.പി.മത്തായിയുടെ കുടുംബത്തിന് സാമ്പത്തിക സഹായമോ വിധവയ്ക്ക് ജോലിയോ നല്‍കിയില്ല. നിര്‍ദ്ദിഷ്ട കെ.റെയില്‍ പദ്ധതി മൂലം കിടപ്പാടം നഷ്ടപ്പെടുന്നവരുടെയും കൃഷിഭൂമി നഷ്ടപ്പെടുന്നവരുടെയും ആവലാതികള്‍ പരിഹരിച്ചില്ല. പത്തനംതിട്ട ജില്ലയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നുവെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.