പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിലെ അനാസ്ഥ അവസാനിപ്പിച്ച് നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി പോപ്പുലർ ഹെൽപ്പ് ലൈൻ കോ ഓർഡിനേറ്റർമാരായ സാമുവൽ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ പരാതികളിൽ കോന്നി കേന്ദ്രീകരിച്ച് ഒരു എഫ്‌ഐആർ മതിയെന്ന സംസ്ഥാന ഡിജിപിയുടെ ഉത്തരവ് അസ്ഥിരപ്പെടുത്തി അതാത് സ്റ്റേഷനുകളിൽ പരാതികൾ സ്വീകരിച്ച് വ്യത്യസ്ഥ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും പോപ്പുലർ ഉടമകളെ സഹായിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനുവേണ്ടി പരാതിക്കാരോട് നിക്ഷേധാത്മകവും ധിക്കാരപരവുമായ നിലപാടാണ് പോലീസ് ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപ തട്ടിപ്പിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ആഴ്ചകൾ പിന്നിട്ടിട്ടും കേസ് ഏറ്റെടുക്കുന്നതിലെ കാലതാമസം ദുരൂഹമാണ്. സിബിഐ അന്വേഷണത്തിന് ആവശ്യമായ സത്വര നടപടികൾ ഉണ്ടാകണം. തട്ടിപ്പിൽ പങ്കാളികളായ എല്ലാവരെയും അറസ്റ്റ് ചെയ്യുവാൻ കേന്ദ്ര സംസ്ഥാന നിക്ഷേപക അവകാശ നിയമം കേസിൽ ബാധകമാക്കി ഉടമകളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുവാനും തട്ടിപ്പിന് ഇരയായവർക്ക് നീതി ലക്ഷ്യമാക്കുവാൻ എത്രയും വേഗം നടപടി കൈക്കോള്ളണമെന്ന് കോ ഓർഡിനേറ്റർമാർ ആവശ്യപ്പെട്ടു.
പോപ്പുലർ തട്ടിപ്പിലെ നിക്ഷേപകരുടെ പരാതികൾ കൈകാര്യം ചെയ്യുവാനും കേസ് നടത്തിപ്പിനുമായി പത്തനംതിട്ട കേന്ദ്രമാക്കി പ്രത്യേക കോടതി സ്ഥാപിക്കുമെന്ന പ്രഖ്യാപനം അടിയന്തിരമായി യാഥാർത്ഥ്യമാക്കണം. കേസിന്റെ ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെങ്കിൽ നിക്ഷേപ തട്ടിപ്പിനിരയായവരെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡിസിസി ജനറൽ സെക്രട്ടറിമാർ കൂടിയായ സാമുവൽ കിഴക്കുപുറവും എബ്രഹാം മാത്യു പനച്ചമൂട്ടിലും പറഞ്ഞു.