പത്തനംതിട്ട : കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തുന്നവര്‍ക്കായി അധികൃതര്‍ ഒരുക്കിയിരിക്കുന്ന ക്വറന്‍റൈന്‍ കേന്ദ്രങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന പരാതി വ്യാപകമായുണ്ടെന്നും ഇത് പരിഹരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെയും സാധാരണക്കാര്‍ക്ക് ദുരിതപൂര്‍ണ്ണമായും ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നത് വിവേചനപരമാണെന്ന് നേതൃയോഗം ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ നേതൃയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
തണ്ണിത്തോട്ടില്‍ ഒരാളുടെ ജീവനെടുത്ത് മലയോര മേഖലകളില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന നരഭോജി കടുവയെ കണ്ടെത്തി വെടിവെച്ചുകൊല്ലുവാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
അപ്പര്‍കുട്ടനാട്ടില്‍ നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുവാനുളള്ള തുക എത്രയുംവേഗം ലഭ്യമാക്കണമെന്നും റബ്ബറിന് മാര്‍ക്കറ്റ് വിലസ്ഥിരതാ ഫണ്ടില്‍നിന്നുള്ള സബ്സിഡി ഉയര്‍ത്തി എത്രയും വേഗം ലഭ്യമാക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. കോവിഡ് മൂലം ദുരിതത്തിലായിരിക്കുന്ന ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ പ്രളയകാലത്ത് നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ച തുക പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ മുന്‍പില്‍ കണ്ട് സി.പി.എം മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ മാത്രം റോഡുകള്‍ നിര്‍മ്മിക്കുന്നതിന് നല്‍കുവാനുള്ള തീരുമാനം അപലപനീയമാണെന്നും ഡി.സി.സി നേതൃയോഗം കുറ്റപ്പെടുത്തി.
രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനമായ മെയ് 21 സത്ഭാവനാ ദിനമായി ആചരിക്കുന്നതിനും ഇതിന്റെ മുന്നോടിയായി ജില്ലാ, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന, ഐക്യദാര്‍ഡ്യ പ്രതിജ്ഞ, രക്തദാനം എന്നിവ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ജില്ലയിലെ 1000 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തദാന സമ്മതപത്രം നല്‍കുന്നതിനും ജനറല്‍ ആശുപത്രിയില്‍ അന്നേദിവസം സൗകര്യ ലഭ്യത അനുസരിച്ച രക്തം ദാനം ചെയ്യുന്നതിനും തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ്, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ശിവദാസന്‍ നായര്‍, പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, സതീഷ് കൊച്ചുപറമ്പില്‍, എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, കെ.കെ റോയിസണ്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, എം.സി ഷെറീഫ്, ലാലു ജോണ്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, വി. ആര്‍ സോജി, ഹരികുമാര്‍ പൂതങ്കര, കെ. ജയവര്‍മ്മ, ബ്ലോക്ക് മണ്ഡലം പ്രസിഡന്‍റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.