ന്യൂഡല്‍ഹി : ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് കൊവാക്സിന്‍ നല്‍കാമെന്ന് ശുപാര്‍ശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ 15 നും18 നും ഇടയിലുള്ളവര്‍ക്ക് കൊവാക്സിനാണ് നല്‍കുന്നത്. അതേസമയം മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു. 2,593 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകള്‍ 15,873 ആയി. 33 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലിയിലും കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ വ്യാപിക്കുകയാണ്. ശനിയാഴ്ച മാത്രം 1000 ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രോഗികളുടെ എണ്ണം കൂടിയതോടെ പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ദില്ലി സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിക്ക് പുറമെ ഉത്തര്‍പ്രദേശ്, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് ഉയര്‍ന്നുവരുന്ന കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 27 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കൂടിക്കാഴ്ച.കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിഷയത്തില്‍ അവതരണം നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.