പാലക്കാട് : മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയുടെ സമീപത്തു മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നീല പട്ടുസാരിയും ബ്ലൗസുമാണ് ധരിച്ചിട്ടുള്ളത്. മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രം ജീവനക്കാര്‍ കുളത്തില്‍ റോഡിനടുത്ത് പായലുകള്‍ക്കുള്ളില്‍ മൃതദേഹം കണ്ടത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വടക്കഞ്ചേരി ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കരയ്ക്കുകയറ്റി. വടക്കഞ്ചേരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മഹേന്ദ്രസിംഹന്റെ നേതൃത്വത്തില്‍ പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. പിന്നീട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശരീരത്തില്‍ പരുക്കുകളേറ്റ ലക്ഷണമുണ്ട്. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.